കോട്ടയത്ത് കൂലി ചോദിച്ച യുവാവിനെ നഗ്നനാക്കി നടുറോഡിലിട്ട് മര്‍ദ്ദിച്ചു; വീഡിയോ ദൃശ്യങ്ങള്‍ അടക്കം പരാതി നല്‍കി നാട്ടുകാര്‍

കോട്ടയം: കോട്ടയത്ത് ജോലി ചെയ്തതിന്റെ കൂലി ചോദിച്ച യുവാവിനെ നടുറോഡില്‍ നഗ്നനാക്കി മര്‍ദിച്ചു. കുടമാളൂര്‍ പള്ളിക്ക് സമീപം കടവ് കുരിശുപള്ളി കവലയിലാണ് സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് ക്രൂര മര്‍ദനത്തിന് ഇരയായത്. സംഭവത്തില്‍ കുടമാളൂര്‍ പള്ളിക്ക് സമീപം താമസിക്കുന്ന തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി കരാറുകാരന്‍ മഹേന്ദ്രനെതിരേ സമീപവാസികള്‍ പോലീസില്‍ പരാതി നല്‍കി. പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. മഹേന്ദ്രന്റെ വീട് യുവാവിനെക്കൊണ്ട് വൃത്തിയാക്കിച്ചിരുന്നു. ഇതിന്റെ കൂലി നല്‍കിയില്ലെന്നാണ് പരാതി. ഇത് ചോദിച്ചതാണ് ആക്രമിക്കാന്‍ കാരണമെന്ന് പരാതിയില്‍ പറയുന്നു. മാത്രമല്ല, ശനിയാഴ്ച ഉച്ചയ്ക്ക് മഹേന്ദ്രന്‍ ആയുധവുമായി റോഡിലിറങ്ങി ഭീതി സൃഷ്ടിച്ചിരുന്നതായും സമീപവാസികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. രണ്ട് സംഭവങ്ങളുടെയും വീഡിയോ സഹിതമാണ് പരാതി കൊടുത്തത്. പൂര്‍ണനഗ്നനായ യുവാവിനെ പത്തു മിനിറ്റിലധികം നടുറോഡില്‍ മഹേന്ദ്രന്‍ മര്‍ദിച്ചു.

ഇതിനിടയില്‍ വാക്കത്തി ഉപയോഗിച്ച് തലയ്ക്കടിച്ചെങ്കിലും യുവാവ് ഒഴിഞ്ഞുമാറിയതിനാല്‍ ഗുരുതര പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. പ്രശ്നത്തില്‍ ഇടപെട്ട സമീപവാസികളെയും മഹേന്ദ്രന്‍ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതിയുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News