ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ വീണ്ടും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കൂട്ടബലാത്സംഗം. ആറുവയസുകാരിയെ പതിമൂന്ന് വയസുകാരനും സുഹൃത്തും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ദക്ഷിണ ഡല്‍ഹിയിലെ ആര്.കെ പുരത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇരയായ പെണ്‍കുട്ടിയുടെ മൂന്ന് വയസുകാരിയായ സഹോദരിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുന്നത് കണ്ടത്. തുടര്‍ന്ന് സഹോദരി ഓടിയെത്തി അമ്മയെ വിവരമറിയിക്കുകയായിരുന്നു. പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കി. പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനും വിധേയമാക്കി കൊണ്ടിരിക്കുകയാണ്.
‘എന്റെ വീടിനടുത്ത് താമസിക്കുന്ന രണ്ട് ആണ്‍കുട്ടികള്‍ എന്റെ മൂത്ത മകളെ ആളൊഴിഞ്ഞ പ്രദേശത്തെ ടെറസിലേക്ക് കൊണ്ടുപോകുന്നുവെന്ന് എന്റെ മൂന്ന് വയസ്സുള്ള മകള്‍ എന്നോട് പറഞ്ഞു. ഞാന്‍ അവളെ കണ്ടെത്താന്‍ ഓടി. കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം, അവള് മറുവശത്ത് നിന്ന് വരുന്നതു കണ്ടു. അവള് കരയുകയായിരുന്നു. ആണ്‍കുട്ടികള്‍ അവളെ ഒരു ശൂന്യമായ കെട്ടിടത്തിലേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു’- പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. പെണ്‍കുട്ടിയെ കൊല്ലുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും മാതാവ് പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തില്‍ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.