ആലത്തൂര്‍: വിവാഹ പരസ്യം നല്‍കുന്നവരെ വധുവിന്റെ വീട്ടുകാരെ കാണിക്കാനെന്ന് വിശ്വസിപ്പിച്ച് തമിഴ്‌നാട്ടിലെത്തിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തിലെ നാല് പേര്‍ അറസ്റ്റില്‍. കഞ്ചിക്കോട് സ്വദേശിയായ ബിമല്‍ എന്ന ബിനീഷ് കുമാര്‍, തിരുപ്പൂര്‍ സ്വദേശികളായ പ്രകാശന്‍, വിഗ്‌നേഷ്, മണികണ്ഠന്‍ എന്നിവരാണ് ചിറ്റിലഞ്ചേരി സ്വദേശിയെ കബളിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയ കേസില്‍ അറസ്റ്റിലായത്.
ഇവര്‍ക്കെതിരെ അയ്യമ്പുഴ, ചേര്‍ത്തല, പുനലൂര്‍, ഒറ്റപ്പാലം പോലീസ് സ്റ്റേഷനുകളില്‍ കളവ് കേസുകള്‍ ഉള്‍പ്പടെ നിരവധി കേസുകള്‍ നിലവിലുണ്ട്. വധുവിനെ ആവശ്യമുണ്ടെന്ന് കാട്ടി പരസ്യം നല്‍കുന്നവരെ സംഘം ഫോണില്‍ ബന്ധപ്പെടും, തുടര്‍ന്ന് യോജിച്ച ആലോചനകള്‍ കയ്യിലുണ്ടെന്നും നേരില്‍ക്കണ്ടുറപ്പിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്ത ശേഷം തമിഴ്‌നാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയാണ് തട്ടിപ്പ് നടത്തിയിരുന്നത്.
ഇത്തരത്തില്‍ ചിറ്റിലഞ്ചേരി സ്വദേശിയെ വധുവിന്റെ വീട്ടുകാരെന്ന വ്യാജേന വിവാഹ ആലോചനയ്ക്ക് ഫോണ്‍ വഴി പ്രലോഭിപ്പിച്ച് തമിഴ്‌നാട്ടിലെത്തിച്ചു. തുടര്‍ന്ന് അവിടുത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് ഭീഷണിപ്പെടുത്തിയതും മര്‍ദിച്ചും പരാതിക്കാരന്റെയും കൂട്ടുകാരന്റെയും കൈവശമുണ്ടായിരുന്ന പണവും ഏഴ് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളും എ.ടി.എം കാര്‍ഡുപയോഗിച്ച് നാല്‍പ്പതിനായിരം രൂപയും കവര്‍ന്നു. നാല് പ്രതികളെ തിരുപ്പൂരിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് ആലത്തൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ പിടികൂടിയത്.