KeralaNews

അനില്‍ സേവ്യര്‍ മാതൃക; സംവിധായകൻ ചിദംബരമടക്കം 34 പേര്‍ ശരീരം മെഡിക്കൽ പഠനത്തിന് വിട്ടുനൽകുന്നു

കൊച്ചി:മരണപ്പെട്ട സുഹൃത്ത് അനിൽ സേവ്യറിന്റെ മാതൃക പിന്തുടർന്ന് സംവിധായകൻ ചിദംബരമടക്കം 34 പേർ മരണശേഷം സ്വശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനായി വിട്ടുനൽകും. ചിദംബരം സംവിധാനം ചെയ്ത ജാൻ എ മൻ, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളിലടക്കം സഹസംവിധായകനായിരുന്നു ശിൽപ്പിയായ അനിൽ സേവ്യർ.

ഫുട്ബോൾ കളിക്കിടെ ഹൃദയസ്തംഭനമുണ്ടായി ചികിത്സയിലായിരുന്ന അനിൽ കഴിഞ്ഞ മാസം 27 നാണ് നിര്യാതനായത്. മരണശേഷം തന്റെ ശരീരം സർക്കാർ മെഡിക്കൽ പഠനത്തിന് വിട്ടു നൽകണം എന്ന അനിലിന്റെ ആഗ്രഹം നടപ്പായി.

കളമശ്ശേരി മെഡിക്കൽ കോളേജിനാണ് അനിലിന്റെ ഭൗതിക ശരീരം സമർപ്പിച്ചത്. 39 വയസിൽ മരണപ്പെട്ട അനിലിന്റെ മാതൃക പിന്തുടരാൻ ബന്ധുക്കളും സുഹൃത്തുക്കളുമായ 34 പേർ തീരുമാനിക്കുകയായിരുന്നു.

ആദ്യമായാണ് ഇത്രയധികം പേർ ഒന്നിച്ച് ഭൗതിക ശരീരം മെഡിക്കൽ പഠനത്തിന് വിട്ടു നിൽകുന്നത്. കളമശ്ശേരി മെഡിക്കൽ കോളെജിലെ അനാട്ടമി വിഭാഗം മേധാവി ഡോ. ഇന്ദിര, അസോസിയേറ്റ് പ്രൊഫസർ സാന്റോ ജോസ് എന്നിവർ ചേർന്ന് ഇതിനായുള്ള സമ്മതപത്രം ഏറ്റുവാങ്ങി. അനിലിൻ്റെയും അനുപമയുടെയും വിവാഹം നടന്ന അങ്കമാലി പ്രസിഡൻസി ക്ലബ് ഓഡിറ്റോറിയത്തിൽ ഒരു ദിവസം നീണ്ട അനിൽ സ്മരണയിൽ കല, രാഷ്ട്രീയ, സിനിമാ രംഗത്തുനിന്നുള്ള സുഹൃത്തുക്കൾ പങ്കെടുത്തു. 

അനില്‍ സേവ്യറിന്‍റെ ഭാര്യ അനുപമ ഏലിയാസ്, ഭാര്യാ സഹോദരി അഞ്ജിത ഏലിയാസ്, അനുജൻ അജീഷ് സേവ്യർ, മാതൃസഹോദരങ്ങളായ ടി പി ഷൈജു, ടി പി ബൈജു, ഷൈജുവിന്റെ ഭാര്യ ഡെയ്സി, മകൻ അലിന്റ് എന്നിവരും സുഹൃത്തുക്കളുമടക്കം സമ്മതപത്രം കൈമാറി. ശിൽപ്പിയും സഹസംവിധായകനുമായ അനിലും ഭാര്യയും ചിത്രകാരിയുമായ അനുപമയും ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിലെ വിദ്യാർഥികളായിരുന്നു.

രോഹിത് വെമുലയുടെ സമര സ്മാരക ശിൽപ്പം ക്യാംപസിൽ നിർമ്മിച്ചത് സഹപാഠി കൂടിയായിരുന്ന അനിലായിരുന്നു. ‘അനിൽ സ്മരണ’ എന്ന പേരില്‍ നടന്ന ഓർമ്മദിനത്തിൽ രാധിക വെമുലെയായിരുന്നു മുഖ്യാതിഥി. രാധിക വെമുലയുടെയും അനിലിന്റെ അമ്മ അൽഫോൻസ സേവ്യറിന്റെയും സാന്നിധ്യത്തിലായിരുന്നു ശരീരദാന ചടങ്ങ്.  

സജിത ആർ ശങ്കർ,  ഡോ. കവിതാ ബാലകൃഷ്ണൻ, മോഹൻ കൃഷ്ണൻ നാട്ടക്, പി.എൻ അനിൽകുമാർ, ഹേമ അനിൽകുമാർ, മാർട്ടിൻ ഊരാളി, സജി കെ ഊരാളി, ആസിഫ് ഹനീഫ, നിഹാല, പി.എസ് ജയ, പി.എസ് ജലജ, കാതറിൻ രാജു, അനുശ്രീ അശോക്, പ്രേംശങ്കർ, സനൂസ് സോമൻ, മനു സി.എ, ജെഫിൻ കെ.എസ്,  ജാസിന്തർ റോക്ക് ഫെല്ലർ, ലിബിൻ തത്തപ്പിള്ളി, ശ്യാംകുമാർ എസ്.ഡി, ലാസർ ഷൈൻ, കിരൺ സാം ജേക്കബ്, അമൽ ജ്യോതി, ആന്റു എ.ഒ, രാം കുമാർ പി.എസ്, നിമിഷ അശോക്, ആദർശ് സി.കെ, ഡേവിസ് വി.ജെ  – തുടങ്ങിയ സുഹൃത്തുക്കളാണ് ശരീര ദാനം ചെയ്തത്. 

അനിലിന്റെ കല, രാഷ്ട്രീയം, സിനിമ എന്നിവയെ ആസ്പദമാക്കിയ ദൃശ്യ പ്രദർശനവും അനിൽ സ്മരണയിൽ ഉണ്ടായിരുന്നു. ബെന്നി ബെഹന്നാന്‍ എംപി, റോജി എം. ജോൺ എംഎൽഎ, മുനിസിപ്പൽ ചെയർമാൻ മാത്യു തോമസ്, ലളിത കലാ അക്കാഡമി ചെയർമാൻ മുരളി ചിരോത്ത്, മുൻ മന്ത്രി ജോസ് തെറ്റയിൽ കൊച്ചി മുസിരിസ് ബിനാലെ ചെയർമാൻ ബോസ്കൃഷമമാചാരി, റിയാസ് കോമു, ആർട്ടിസ്റ്റ് തോമസ് ഹിർഷോ, സന്തോഷ് സദാനന്ദൻ, മധു നീലകണ്ഠൻ, അൻവർ അലി, കെ. രഘുനാഥൻ, സംവിധായകരായ എബ്രിഡ് ഷൈൻ, ചിദംബരം, മാഗ്ലിൻ ഫിലോമിന തുടങ്ങിയവർ പങ്കെടുത്തു. 

തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ കലാപഠനം ആരംഭിച്ച അനിൽ സേവ്യർ ഹൈദരാബാദില്‍ നിന്ന് ശിൽപ്പകലയിൽ എംഎഫ്എ പൂർത്തിയാക്കിയ ശേഷം എബ്രിഡ് ഷൈനിന്റെ പൂമരം എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തി. തുടർന്ന് ചിദംബരത്തിന്റെ സിനിമകൾ കൂടാതെ തല്ലുമാല, തെക്ക് വടക്ക് എന്നീ സിനിമകളിൽ പ്രവർത്തിച്ചു. സ്വന്തം സിനിമ സംവിധാനം ചെയ്യാനാള്ള ഒരുക്കത്തിലായിരുന്നു അനിൽ. കൊച്ചി മുസിരിസ് ബിനാലെയുടെ ആദ്യ ലക്കം മുതൽ സഹകരിച്ചു പ്രവർത്തിക്കുന്ന കലാകാരനാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker