വെറും അയ്യായിരം രൂപ മാസ ശമ്പളക്കാരനായ യുവാവിന് 3.5 കോടിയുടെ ആദായ നികുതി നോട്ടീസ്!

ന്യൂഡല്‍ഹി: 3.5 കോടി രൂപയുടെ ആദായനികുതി നോട്ടീസ് കണ്ട് ഞെട്ടിയിരിക്കുകയാണ് കോള്‍ സെന്റര്‍ ജീവനക്കാരനായ യുവാവ്. മധ്യപ്രദേശിലെ ഭിന്ദ് സ്വദേശിയും നിലവില്‍ പഞ്ചാബില്‍ കോള്‍ സെന്റര്‍ ജീവനക്കാരനുമായ രവി ഗുപ്തയ്ക്കാണു മൂന്നരക്കോടി രൂപ ആദായനികുതി അടയ്ക്കണമെന്നു കാട്ടി നോട്ടീസ് ലഭിച്ചത്. 2011-12 കാലത്ത് 132 കോടി രൂപയുടെ ഇടപാട് നടത്തി എന്നു ചൂണ്ടിക്കാട്ടിയാണു നടപടി. രവിയുടെ പാന്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് മുംബൈയില്‍ ആരംഭിച്ച അക്കൗണ്ടിലൂടെയാണ് ഈ പണമിടപാടുകള്‍ നടന്നതെന്നു ആദായനികുതി വകുപ്പിന്റെ ഗ്വാളിയര്‍ ഓഫീസില്‍നിന്ന് അയച്ച നോട്ടീസില്‍ പറയുന്നു.

എന്നാല്‍ ഇക്കാലയളവില്‍ താന്‍ ഇന്‍ഡോറിലെ ഒരു കോള്‍ സെന്ററിലാണ് ജോലി ചെയ്തിരുന്നതെന്നും വെറും 60,000 രൂപയാണ് തനിക്കു വാര്‍ഷിക വരുമാനമായി ലഭിച്ചിരുന്നതെന്നും രവി ചൂണ്ടിക്കാട്ടുന്നു. തന്റെ പാന്‍ നമ്പര്‍ മറ്റാരെങ്കിലും ഉപയോഗിച്ചതാകാമെന്നാണ് രവി പറയുന്നത്. ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും അവര്‍ ഈ വാദം സ്വീകരിക്കാന്‍ തയാറായില്ല. സൂറത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വജ്ര വ്യാപാര കമ്പനിയുടെ മുംബൈ ഓഫീസാണ് തന്റെ പേരില്‍ ഇടപാട് നടത്തിയതെന്ന് രവി തനിച്ചു നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

കോടികളുടെ വായ്പ തിരിച്ചടയ്ക്കാതെ രാജ്യംവിട്ട നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ ഓഫീസുകള്‍ക്കു തൊട്ടരികെയാണ് തന്റെ പേരില്‍ തട്ടിപ്പ് നടത്തിയ ഈ കമ്പനിയെന്നും രവി പറഞ്ഞു. ഇതു സംബന്ധിച്ച് താന്‍ പരാതിയുമായി ഗ്വാളിയര്‍, ലുധിയാന പോലീസുകളെ സമീപിച്ചെങ്കിലും മുംബൈ പോലീസിനെ സമീപിക്കാനാണ് ഇരുകൂട്ടരും ആവശ്യപ്പെട്ടതെന്നും രവി ആരോപിച്ചു. ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നായിരുന്നു ഗ്വാളിയര്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മറുപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News