വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ 20 പവന്‍ സ്വര്‍ണ്ണവുമായി വധു മുങ്ങി; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ 20 പവന്‍ സ്വര്‍ണ്ണവുമായി വധു മുങ്ങി. സീമന്തപുരം സ്വദേശിനിയായ യുവതിയെയാണ് വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് കാണാതായത്. വിവാഹത്തലേന്നത്തെ സല്‍ക്കാരങ്ങള്‍ക്ക് ശേഷം രാത്രി 11 മണിവരെ യുവതി ബന്ധുക്കള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.
പുലര്‍ച്ചെ ഒന്നരയോടെയാണ് വധുവിനെ കാണാതായത്. ഉറക്കത്തിനിടെ എഴുന്നേറ്റ മാതാവാണ് മകള്‍ വീട്ടിലില്ലെന്ന് ആദ്യം മനസ്സിലാക്കിയത്. തുടര്‍ന്നു വീട്ടിലും പരിസരത്തും തിരച്ചില്‍ നടത്തിയ ശേഷം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വരന്റെ വീട്ടുകാരെയും വിവരമറിയിച്ചു.
പൈവേലിക്കോണം സ്വദേശിയായ യുവാവിനൊപ്പം യുവതി നാട് വിട്ടതായി സംശയിക്കുന്നുവെന്നാണ് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചത്. വിവാഹത്തിനു വാങ്ങിയ 20പവനും കൊണ്ടുപോയെന്ന് പരാതിയിലുണ്ട്. കല്ലറ സ്വദേശിയായ യുവാവുമായി യുവതിയുടെ വിവാഹം ഇന്നലെ പള്ളിക്കല്‍ സുമിയ്യ ഓഡിറ്റോറിയത്തില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്.