കുളിമുറി ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി കൊല്ലത്ത് പതിനേഴുകാരിയ്ക്ക് പീഡനം; അമ്മാവന്റെ ഭാര്യ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

കൊല്ലം: കൊല്ലത്ത് കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പതിനേഴുകാരിക്ക് പീഡനം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മാവന്റെ ഭാര്യയും ലോഡ്ജ് നടത്തിപ്പുകാരുമുള്‍പ്പെടെ നാല് പേര്‍ പിടിയിലായി. കൊല്ലം നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കെന്ന് പറഞ്ഞാണ് കുരീപ്പുഴ സ്വദേശിയായ പതിനേഴുകാരി പതിവായി വീട്ടില്‍ നിന്നിറങ്ങിയിരുന്നത്. കഴിഞ്ഞ മാസം ഒന്‍പതിന് ജോലിക്കായി പോയ പെണ്‍കുട്ടി രാത്രി വൈകിയും മടങ്ങിയെത്തിയില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കി. തിരുവനന്തപുരത്ത് നിന്ന് പിടികൂടിയെന്ന് പറഞ്ഞ് പിറ്റേന്ന് രാവിലെ അമ്മാവന്റെ ഭാര്യ പെണ്‍കുട്ടിയുമായി വീട്ടിലെത്തി.

പിന്നീട് പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ വീട്ടുകാര്‍ പെണ്‍കുട്ടിയെ ഒരു മതസ്ഥാപനത്തിലാക്കി. അവിടെവച്ച് നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിഷയം കോടതിയെ അറിയിച്ചു. കോടതിയുടെ നിര്‍ദേശ പ്രകാരം സിറ്റി പോലീസ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

കുളിമുറി രംഗങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് അമ്മാവന്റ ഭാര്യ തന്നെ പലര്‍ക്കും കാഴ്ചവച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. കരുനാഗപ്പള്ളി സില്‍വര്‍ പ്ലാസ എന്ന ലോഡ്ജായിരുന്നു ഇവരുടെ താവളം. തിരുവനന്തപുരത്തെ പല ഹോംസ്റ്റേകളില്‍വച്ചും പീഡനം നടന്നതായി പോലീസ് പറഞ്ഞു. പ്രദീപ്, റിനു, നജീബ് എന്നീ ലോഡ്ജ് നടത്തിപ്പുകാരെയും അമ്മാവന്റെ ഭാര്യയെയുമാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ വിവിധ ഇടങ്ങളില്‍വച്ച് പീഡിപ്പിച്ച പത്തോളം പേര്‍ക്കെതിരെയും പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News