26.3 C
Kottayam
Monday, May 13, 2024

12 പേരുടെ ജീവന്‍ രക്ഷിച്ചതിന് ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച 16കാരിയെ കാണാനില്ലെന്ന് പരാതി

Must read

ഒഡീഷയില്‍ 12 പേരുടെ ജീവന്‍ രക്ഷിച്ചതിന് ധീരതയ്ക്കുളള ദേശീയ പുരസ്‌കാരം നേടിയ 16കാരിയെ കാണാനില്ലെന്ന് പരാതി. വിവാഹ വാഗ്ദാനം നല്‍കി പ്രദേശത്തെ യുവാവ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ധീരതയ്ക്കുളള ദേശീയ അവാര്‍ഡ് പങ്കിട്ട മറ്റൊരു പെണ്‍കുട്ടിയുമായി ചേര്‍ന്ന് മഹാനദിയില്‍ മുങ്ങിതാഴുകയായിരുന്ന അഞ്ച് കുട്ടികള്‍ അടക്കം 12 പേരെയാണ് 16കാരി രക്ഷിച്ചത്. ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ നിരവധി ജീവനുകള്‍ രക്ഷിച്ചതിനാണ് 16 കാരി ഉള്‍പ്പെടെ രണ്ടു പെണ്‍കുട്ടികള്‍ക്ക് ധീരതയ്ക്കുളള ദേശീയ പുരസ്‌കാരം ലഭിച്ചത്.

ഒഡീഷ നിപാനിയ ഗ്രാമത്തില്‍ ജംബു മറൈന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് 16കാരിയെ കാണാതായത്. തിങ്കളാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് അച്ഛനാണ് പൊലീസില്‍ പരാതി നല്‍കിയത്. പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് പെണ്‍കുട്ടി. വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് പോയ പെണ്‍കുട്ടി വീട്ടിലേക്ക് തിരിച്ചുവന്നില്ല എന്ന് അച്ഛന്റെ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിക്കായുളള തെരച്ചില്‍ വിഫലമായതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

പ്രദീപ് എന്ന യുവാവ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയിരിക്കാമെന്നാണ് പരാതിയില്‍ പറയുന്നത്. കല്യാണം കഴിക്കാമെന്ന് പ്രലോഭിപ്പിച്ചാകാം തട്ടിക്കൊണ്ടുപോകല്‍. മഹാനദിയില്‍ ബോട്ടില്‍ നിര്‍ബന്ധിച്ച് കയറ്റി തട്ടിക്കൊണ്ടുപോകാനാണ് സാധ്യതയെന്ന് അച്ഛന്റെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. പോക്സോ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്താണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് ബോട്ടപകടത്തില്‍ നിന്ന് 12 പേരെ രക്ഷിച്ചത്. പൂര്‍ണിമ എന്ന പെണ്‍കുട്ടിയുമായി ചേര്‍ന്നായിരുന്നു 16കാരിയുടെ രക്ഷാപ്രവര്‍ത്തനം. ഇതിന് ഓഗസ്റ്റ് 29നാണ് ധീരതയ്ക്കുളള ബിജു പട്നായിക് പുരസ്‌കാരം ഇരുവരും പങ്കിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week