പിതൃസഹോരന്റെ പീഡനം; തിരുവനന്തപുരത്ത് പതിനഞ്ചുകാരി തീകൊളുത്തി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: പിതൃസഹോദരന്റെ പീഡനത്തെ തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച നാടോടി പെണ്‍കുട്ടി മരിച്ചു. 50 ശതമാനത്തോളം പൊള്ളലേറ്റ പതിനഞ്ചുകാരിയായ പെണ്‍കുട്ടി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ അനുജന്‍ മുക്കീമിനെ പൂജപ്പുര പോലീസ് അറസ്റ്റു ചെയ്തു. പോക്സോ നിയമപ്രകാരവും ആത്മഹത്യാ പ്രേരണയ്ക്കും പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.

ഡല്‍ഹി നിവാസികളായ നാടോടി സംഘത്തിലെ അംഗമാണ് പെണ്‍കുട്ടി. മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം ടെന്റില്‍ ഉറങ്ങാന്‍ കിടന്ന കുട്ടി കുടുംബം ഉറങ്ങിയെന്നു ഉറപ്പാക്കിയശേഷം കന്നാസില്‍ കരുതിയിരുന്ന മണ്ണെണ്ണയൊഴിച്ചു തീകൊളുത്തുകയായിരുന്നു. നിലവിളികേട്ട് ഉണര്‍ന്ന കുടുംബാംഗങ്ങള്‍ വെള്ളം ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിച്ചു. വഴിയാത്രക്കാരാണ് പോലീസിനെ അറിയിച്ചത്.

5 വര്‍ഷം മുന്‍പ് വരെ രണ്ടു വര്‍ഷത്തോളം തുടര്‍ച്ചയായി പ്രതി പീഡിപ്പിച്ചെന്നു കുട്ടി മൊഴി നല്‍കി. പെണ്‍കുട്ടിയെ പ്രതി നിരന്തരം പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നെന്ന് മാതാപിതാക്കള്‍ പോലീസിനു മൊഴി നല്‍കി. മാനസികമായി തകര്‍ന്ന കുട്ടി കുറച്ചു നാളുകളായി മറ്റുള്ളവരോട് സംസാരിക്കാറില്ലായിരുന്നു. 10വര്‍ഷം മുന്‍പാണ് നാടോടി കുടുംബം ചപ്പാത്തിക്കല്ല് വില്‍പ്പനയ്ക്കായി കേരളത്തിലെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News