ന്യൂഡല്‍ഹി: ഡല്‍ഹി ട്രാക്ടര്‍ റാലി സംഘര്‍ഷവുമായി ബന്ധപ്പെട്ട് 15 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. സംഘര്‍ഷത്തില്‍ എട്ട് ബസുകളും 17 സ്വകാര്യവാഹനങ്ങളും പ്രക്ഷോഭകര്‍ നശിപ്പിച്ചതായി പോലീസ് അറിയിച്ചു. 86 പോലീസുകാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.
മുകര്‍ബ ചൗക്ക്, ഗാസിപുര്‍, ഐടിഒ, സീമാപുരി, നംഗ്ലോയി ടി പോയിന്റ്, തിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടങ്ങളിലെ സംഘര്‍ഷത്തിലാണ് പോലീസുകാര്‍ക്ക് പരിക്കേറ്റത്. പോലീസ് നിശ്ചയിച്ച പാതകളില്‍നിന്ന് വ്യതിചലിച്ച് നടത്തിയ ട്രാക്ടര്‍ റാലിയിലാണ് സംഘര്‍ഷമുണ്ടായത്.
രാവിലെ 8.30ന് സിങ്കു അതിര്‍ത്തിയില്‍ സംഘടിച്ച ഏഴായിരത്തോളം ട്രാക്ടറുകള്‍ സെന്‍ട്രല്‍ ഡല്‍ഹിയിലേക്ക് റാലി ആരംഭിച്ചു. പോലീസ് നിര്‍ദേശം മറികടന്നാണ് ഇവര്‍ റാലി നടത്തിയത്. മുകാര്‍ബ ചൗക്കിനും ട്രാന്‍സ്‌പോര്‍ട്ട് നഗറിനും ഇടിയില്‍ സ്ഥാപിച്ചിരുന്ന നിരവധി ബാരിക്കേഡുകള്‍ മറികടന്നാണ് ഇവരുടെ ട്രാക്ടര്‍ റാലി മുന്നോട്ടുപോയത് ഇവരുടെ കൈയില്‍ വാളുള്‍പ്പെടെ മാരകായുധങ്ങളും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.
അതേസമയം, മണിക്കൂറുകള്‍ നീണ്ടുനിന്ന സംഘര്‍ഷത്തിനൊടുവില്‍ ഡല്‍ഹി ശാന്തമായി. കര്‍ഷകര്‍ തങ്ങളുടെ സമരഭൂമിയായ സിംഗു അതിര്‍ത്തിയിലേക്ക് മട ങ്ങി. ഡല്‍ഹിയില്‍ സുരക്ഷക്കായി 15 കമ്പനി അര്‍ധസൈനികരെ കൂടുതല്‍ നിയോഗിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമായി. ഐടിഒ, ഗാസിപുര്‍, നംഗ്ലോയി എന്നിവിടങ്ങളിലാണ് അധിക സുരക്ഷാ വിന്യാസം നടത്തുക.