BusinessNationalNews

ജിയോ ഉപയോക്താക്കള്‍ക്ക് സന്തോഷവാർത്ത; 100 ജി ബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് പ്രഖ്യാപിച്ച് മുകേഷ് അംബാനി

മുംബൈ: ജിയോ ഉപയോക്താക്കള്‍ക്ക് 100 ജിബി ക്ലൗഡ് സ്റ്റോറേജ് സജന്യമായി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. റിലയന്‍സിന്‍റെ 47-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി നിര്‍ണായക പ്രഖ്യാപനം നടത്തിയത്. വെല്‍ക്കം ഓഫര്‍ എന്ന നിലയിലാണ് ഉപയോക്താത്തള്‍ക്ക് 100 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് സേവനം നല്‍കുകയെന്നും കഴിഞ്ഞ എട്ട് വര്‍ഷത്തിനുളളില്‍ ജിയോ ലോകത്തിലെ ഏറ്റവും വലിയ ഡാറ്റ കമ്പനിയായി മാറിയെന്നും അംബാനി പറഞ്ഞു.

ജിയോ ഉപയോക്താക്കള്‍ പ്രതിമാസം ശരാശരി 30 ജിബി ഡാറ്റയാണ് ഉപയോഗിക്കുന്നത്. ജിയോ ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ അവരുടെ ഫോണിലെ ഫോട്ടോയും വിഡീയോയും ഡോക്യുമെന്‍റ്സുകളും സൂക്ഷിക്കാനായി 100 ജിബി ക്ലൗഡ് സ്റ്റോറേജ് സൗകര്യം സൗജന്യമായി ലഭിക്കുമെന്നും അംബാനി വ്യക്തമാക്കി. ക്ലൗഡ് സ്റ്റോറേജ് സൗകര്യം ലഭ്യമാകുന്നതോടെ മെമ്മറി കുറവായതിനാല്‍ ഫോണ്‍ ഹാംഗ് ആവുന്നതുപോലെയുള്ള ഉപയോക്താക്കളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകും.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തി റിലയന്‍സ് വലിയ ടെക് കമ്പനിയായി പരിണമിക്കുന്നതിനെക്കുറിച്ചുള്ള സൂചനകളും മുകേഷ് അംബാനി നല്‍കി. അതിനുള്ള ചാലക ശക്തിയാകും ജിയോ എന്നും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗത്തിൽ അംബാനി പറഞ്ഞു.

എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ജിയോ ഫോണ്‍ കോൾ എന്ന പുതിയ സേവനം അവതരിപ്പിക്കുമെന്നും ഇതുവഴി ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ജിയോ ക്ലൗഡില്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാനും എപ്പോള്‍ വേണമെങ്കിലും ആക്സസ് ചെയ്യാനും ട്രാന്‍സ്‌ക്രൈബ് ചെയ്യാനും മറ്റു ഭാഷകളിലേക്ക് മൊഴി മാറ്റാനും കഴിയുമെന്നും മുകേഷ് അംബാനി പറഞ്ഞു.

ലോകത്തില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന സ്ഥാപനമാകുകയാണ് റിലയന്‍സിന്‍റെ ലക്ഷ്യമെന്നും ഇതിനായി എ ഐ റെഡി ഡാറ്റാ സെന്‍ററുകള്‍ ഗുജറാത്തിലെ ജാംനഗറില്‍ വൈകാതെ പ്രവര്‍ത്തനം തുടങ്ങുമെന്നും മുകേഷ് അംബാനി വ്യക്തമാക്കി. മനുഷ്യവര്‍ഗം അഭിമുഖീകരിച്ചിരുന്ന നിരവധി സങ്കീര്‍ണ പ്രശ്നങ്ങള്‍ എ ഐയുടെ വരവോടെ അനായാസം നിര്‍വഹിക്കാനാകുമെന്നും മുകേഷ് അംബാനി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker