28.4 C
Kottayam
Monday, April 29, 2024

കോലിയുടേത് 100 ശതമാനം വ്യാജ ഫീൽഡിങ്; കുറ്റപ്പെടുത്തി മുൻ ഇന്ത്യൻ താരം

Must read

അഡ്ലെയ്ഡ്: ട്വന്റി 20 ലോകകപ്പില്‍ വിരാട് കോലിക്കെതിരേ ഉയര്‍ന്ന ‘വ്യാജ ഫീൽഡിങ് ‘ ആരോപണത്തില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. കോലിയുടേത് 100 ശതമാനം വ്യാജ ഫീല്‍ഡിങ് തന്നെയാണെന്നും ഇത് അമ്പയര്‍മാര്‍ കണ്ടിരുന്നുവെങ്കില്‍ ഇന്ത്യയ്ക്ക് പെനാല്‍റ്റി റണ്‍സ് ലഭിച്ചേനേ എന്നും ചോപ്ര പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ചോപ്ര ഇക്കാര്യം വ്യക്തമാക്കിയത്.

”കോലി പന്തെറിയാന്‍ ശ്രമിച്ചത് കണക്കിലെടുത്താല്‍ അത് 100 ശതമാനം വ്യാജ ഫീല്‍ഡിങ് തന്നെയാണ്. അത് അമ്പയര്‍ കണ്ടിരുന്നുവെങ്കില്‍ നമ്മള്‍ക്ക് അഞ്ചു റണ്‍സ് പെനാല്‍റ്റി ലഭിച്ചേനേ, വെറും അഞ്ച് റണ്‍സിനാണ് നമ്മള്‍ ജയിച്ചതെന്ന് ഓര്‍ക്കണം. ഇവിടെ നമ്മള്‍ രക്ഷപെട്ടു. എന്നാല്‍ അടുത്ത തവണ ആരെങ്കിലും ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ അമ്പയര്‍മാര്‍ കൂടുതല്‍ ശ്രദ്ധ കാണിക്കണം. ബംഗ്ലാദേശിന്റെ വാദം ശരിയാണ്. പക്ഷേ അത് ആരും കണ്ടില്ല, അതിനാല്‍ തന്നെ ഇപ്പോള്‍ ഇനിയൊന്നും ചെയ്യാനുമാകില്ല” – ആകാശ് ചോപ്ര വ്യക്തമാക്കി.

മത്സരം അവസാനിച്ച ശേഷം കോലിക്കെതിരേ വ്യാജ ഫീല്‍ഡിങ് ആരോപണവുമായി രംഗത്തെത്തിയത് ബംഗ്ലാദേശ് താരം നൂറുള്‍ ഹസനായിരുന്നു. അമ്പയര്‍മാര്‍ ഇക്കാര്യം ശ്രദ്ധിക്കാതിരുന്നതിനാല്‍ പെനാല്‍റ്റിയായി തങ്ങള്‍ക്ക് കിട്ടേണ്ട അഞ്ച് റണ്‍സ് നഷ്ടമായെന്നും ഹസന്‍ പറഞ്ഞിരുന്നു. മഴ തടസപ്പെടുത്തിയ മത്സത്തില്‍ അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

ബംഗ്ലാദേശ് ഇന്നിങ്സിന്റെ ഏഴാം ഓവറില്‍ ലിട്ടണ്‍ ദാസും നജ്മുല്‍ ഹസന്‍ ഷാന്റോയും ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ലിട്ടണ്‍ ദാസിന്റെ ഷോട്ട് ഡീപ് പോയന്റിലേക്ക് പോയി. അവിടെ ഫീല്‍ഡ് ചെയ്യുകയായിരുന്ന അര്‍ഷദീപ് സിങ് പന്ത് ഫീല്‍ഡ് ചെയ്ത് വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കിന് എറിഞ്ഞുകൊടുത്തു. പോയന്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലി ആ സമയത്ത് നോണ്‍ സ്ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് പന്ത് കൈയിലില്ലാതെ വ്യാജ ത്രോ ചെയ്തു. സംഭവം അമ്പയര്‍മാര്‍ ശ്രദ്ധിക്കുകയോ ബംഗ്ലാ ബാറ്റര്‍മാര്‍ പരാതിപ്പെടുകയോ ചെയ്തിരുന്നില്ല.

ബാറ്ററുടെ ശ്രദ്ധതെറ്റിക്കുന്ന വിധം മനഃപൂര്‍വമായി പ്രവര്‍ത്തിച്ചാല്‍, ആ പന്ത് ഡെഡ് ബോള്‍ ആയി കണക്കാക്കാമെന്നും ബാറ്റിങ് സൈഡിന് അഞ്ച് റണ്‍സ് നല്‍കാമെന്നുമാണ് നിയമം. അമ്പയര്‍മാരുടെ ശ്രദ്ധയില്ലായ്മയാണ് തങ്ങള്‍ക്ക് അഞ്ച് റണ്‍സ് നഷ്ടപ്പെടുത്തിയതെന്ന് ഹസന്‍ ആരോപിക്കുന്നു. എന്നാല്‍, ബംഗ്ലാ ബാറ്റര്‍മാര്‍ കോലിയെ ശ്രദ്ധിച്ചതേയില്ലെന്നും അമ്പയര്‍മാരെ കുറ്റപ്പെടുത്തിയതിന് ഹസന്‍ നടപടി നേരിടേണ്ടിവരുമെന്നും വിലയിരുത്തലുണ്ട്. മത്സരത്തില്‍ ഹസന്‍ 14 പന്തില്‍ 25 റണ്‍സുമായി പുറത്താകാതെ നിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week