30 C
Kottayam
Tuesday, May 14, 2024

ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ അമ്മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ സമരം

Must read

ഹരിപ്പാട്: ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ അമ്മയെ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരം ആരംഭിച്ചു. കാര്‍ത്തികപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടിയാണ് ഞായറാഴ്ച രാവിലെ വീട്ടില്‍ തൂങ്ങിമരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ മൃതദേഹം വീട്ടിലെത്തിച്ചു.

അപ്പോഴേക്കും സ്ത്രീകള്‍ ഉള്‍പ്പെടെ നൂറോളം നാട്ടുകാര്‍ സംഘടിച്ചിരുന്നു. കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്ന അമ്മയെ അറസ്റ്റ് ചെയ്തിട്ട് സംസ്‌കാരം നടത്തിയാല്‍ മതിയെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. സംസ്‌കാരത്തിനുശേഷം നാട്ടുകാര്‍ കുട്ടിയുടെ വീടിന് സമീപത്തെ റോഡ് ഉപരോധിച്ചു. തൃക്കുന്നപ്പുഴ സി.ഐ. ജോസിന്റെ നേതൃത്വത്തിലെ പോലീസ് സംഘം പ്രതിഷേധക്കാരുമായി സംസാരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ തൂങ്ങിമരണമാണെന്നാണ് വ്യക്തമായത്. അമ്മ കുട്ടിയെ ഉപദ്രവിച്ചതായ പരാതിയില്‍ അന്വേഷണം നടക്കുകയാണ്.

സംഭവുമായി ബന്ധപ്പെട്ട് നാട്ടുകാരില്‍നിന്ന് വിശദമായി മൊഴിയെടുത്ത് അന്വേഷണം നടത്താമെന്നും സി.ഐ. ഉറപ്പ് നല്‍കി. ഇതിനുശേഷം രണ്ടു മണിയോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. കുട്ടിയ്ക്ക് രണ്ടര വയസ്സുള്ളപ്പോള്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞതാണ്. പിന്നീട് വിവാഹിതയായ ഇവര്‍ക്ക് ആ ബന്ധത്തില്‍ മകനുണ്ട്. നിസ്സാര കാരണങ്ങള്‍ക്കുപോലും ഇവര്‍ മകളെ ഉപദ്രവിക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. ആറ് മാസം മുന്‍പ് ഇങ്ങനെ കുട്ടിയെ പരിക്കേല്‍പ്പിച്ചപ്പോള്‍ പോലീസ് പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു.

കൈയിലെ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചശേഷമാണ് കുട്ടി തൂങ്ങി മരിച്ചതെന്ന് പോലീസ് പറഞ്ഞു. ശരീരത്ത് ചെറിയ പാടുകളുണ്ടായിരുന്നെങ്കിലും ക്രൂരമായി ആക്രമിച്ചതിന് തെളിവില്ല. ലൈംഗിക പീഡനവുമുണ്ടായിട്ടില്ല. ഗ്രാമ പഞ്ചായത്ത് അംഗം ആര്‍. റോഷിന്‍ ചെയര്‍മാനായി നാട്ടുകാര്‍ കര്‍മസമിതി രൂപീകരിച്ചിട്ടുണ്ട്. കര്‍മസമിതി അംഗങ്ങളില്‍നിന്ന് തിങ്കളാഴ്ച വൈകീട്ട് തൃക്കുന്നപ്പുഴ പോലീസ് മൊഴിയെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week