കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലേക്ക് യുഡിഎഫ് മേയർ സ്ഥാനാർഥിയായി കോൺഗ്രസിന്റെ എസ്.കെ. അബൂബക്കർ മത്സരിക്കും. ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായി മുസ്ലിംലീഗിന്റെ അഡ്വ. ഫാത്തിമ തഹ്ലിയയും മത്സരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥിയായി കോൺഗ്രസിന്റെ മില്ലി മോഹനും വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി മുസ്ലിംലീഗിന്റെ കെ.കെ. നവാസും മത്സരിക്കും. കോടഞ്ചേരി ഡിവിഷനിൽനിന്ന് ജയിച്ചയാളാണ് മില്ലി മോഹൻ.
ബിജെപിയുമായി പരസ്യമായോ രഹസ്യമായോ ബന്ധം ഉണ്ടാക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ പറഞ്ഞു. ജില്ലാ പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾ കോൺഗ്രസും ലീഗും പങ്കിട്ടെടുക്കുകയാണ് ചെയ്തത്.
ലീഗിന്റെ എസ്.വി. സയ്യിദ് മുഹമ്മദ് ഷമീൽ യു.ഡി.എഫ്. കൗൺസിൽ പാർട്ടി ലീഡറാകും. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനത്തേക്ക് കവിത അരുൺ, കൗൺസിലർ പാർട്ടി ലീഡർ സ്ഥാനത്തേക്ക് പി. സക്കീർ എന്നിവരുടെ പേരുകളും മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി നിർദേശിച്ചു. മുസ്ലിംലീഗ് നേതാക്കളായ എം.കെ. മുനീർ എം.എൽ.എ., കെ.എം. ഷാജി, ടി.ടി. ഇസ്മായിൽ, എം.എ. റസാക്ക് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


