ന്യൂഡൽഹി:സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് കോവിഡ് 19 ഡിഎൻഎ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അനുമതി നൽകി. മുതിർന്നവർക്കും 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും സൈഡസ് കാഡിലയുടെ സൈകോവ്-ഡി വാക്സിൻ കുത്തിവെപ്പെടുക്കാം. രാജ്യത്ത് ആദ്യമായിട്ടാണ് 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് കുത്തിവെപ്പെടുക്കാൻ ഒരു വാക്സിന് അനുമതി ലഭിക്കുന്നത്.
പ്രതിവർഷം 100 ദശലക്ഷം ഡോസ് മുതൽ 120 ദശലക്ഷം ഡോസ് വരെ നിർമിക്കാനുള്ള പദ്ധതിയുണ്ടെന്നും വാക്സിൻ സംഭരണം ആരംഭിച്ചതായും സൈഡസ് കാഡില അറിയിച്ചു. ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന ആറാമത്തെ കോവിഡ് വാക്സിനാണ് സൈകോവ്-ഡി.
സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡിസിജിഐ അനുമതി നൽകിയത്.
28000 വളണ്ടിയർമാരെ ഉപയോഗിച്ച് അവസാന ഘട്ട പരീക്ഷണം നടത്തിയപ്പോൾ 66.6 ശതമാനം ഫലപ്രാപ്തിയാണ് ഈ വാക്സിന് ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലായ് ഒന്നിനാണ് അംഗീകാരത്തിനായി സമർപ്പിച്ചത്. മറ്റു വാക്സിനുകളെ പോലെ സൂചി ഉപയോഗിച്ചല്ല സൈകോവ്-ഡി കുത്തിവെക്കുകയെന്നാണ് കമ്പനി പറയുന്നത്. പകരം മറ്റും ഇൻജെക്ടിങ്ം സാങ്കേതിക വിദ്യ ഉപയോഗിക്കും.പാർശ്വഫലങ്ങൾ ഇല്ലാതിരിക്കാനാണ് ഈ സംവിധനം ഉപയോഗിക്കുന്നതെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.
കൊറോണ വൈറസിനെതിരായ ലോകത്തിലെ ആദ്യത്തെ പ്ലാസ്മിഡ് ഡിഎൻഎ വാക്സിൻ ആണ് സൈകോവ്-ഡി. രോഗപ്രതിരോധവ്യവസ്ഥ തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യുന്ന പ്രോട്ടീൻ ഉണ്ടാക്കാൻ വൈറസിൽ നിന്നുള്ള ജനിതക വസ്തുക്കളുടെ ഒരു ഭാഗം ഇതിനായി ഉപയോഗിക്കുന്നു. ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്നോളജിയുമായി ചേർന്നാണ് വാക്സിന്റെ ഉത്പാദനം. ഭാരത് ബയോടെകിന്റെ കോവാക്സിന് ശേഷം ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ച രണ്ടാമത്തെ കോവിഡ് വാക്സിനാണ് സൈകോവ്-ഡി.
മൂന്ന് ഡോസ് വാക്സിനെടുക്കുന്നതിന്റെ അതേ ഫലപ്രാപ്തി മൂന്ന് മി.ഗ്രാം ഉപയോഗിച്ചുള്ള രണ്ട് ഡോസ് വാക്സിനേഷനും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. മൂന്ന് ഡോസ് വാക്സിനേഷന് അനുമതി നൽകാനാണ് വിദഗ്ധ സമിതി നിലവിൽ ശുപാർശ ചെയ്തിട്ടുള്ളത്. രണ്ട് ഡോസ് വാകിസിനേഷന്റെ ഫലം സംബന്ധിച്ച കൂടുതൽ രേഖകൾ കമ്പനിയോട് സമിതി തേടിയിട്ടുണ്ട്.