ശ്രീനഗര്‍: ശ്രീനഗര്‍-ലേ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. ഗുരുതരമായി പരിക്കേറ്റ് ശ്രീനഗറില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ചിറ്റൂര്‍ സ്വദേശി മഹാദേവന്റെ മകന്‍ മനോജ് (24) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.30-നാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്നാണ് അറിയുന്നത്. മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിച്ചിട്ടുണ്ട്.
അപകടത്തില്‍ മരിച്ച ചിറ്റൂര്‍ സ്വദേശികളായ മറ്റു നാലുപേരുടെയും മൃതദേഹം വെള്ളിയാഴ്ചയാണ് നാട്ടില്‍ സംസ്‌കരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വിമാനമാര്‍ഗമാണ് മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിച്ചത്. തുടര്‍ന്ന്, ചിറ്റൂരിലെത്തിച്ച മൃതദേഹങ്ങള്‍ ചിറ്റൂര്‍ ടെക്നിക്കല്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷമായിരുന്നു സംസ്‌കാരം.
ചിറ്റൂര്‍ ജെ.ടി.എസിനു സമീപം നെടുങ്ങോട് സുന്ദരന്റെ മകന്‍ എസ്. സുധീഷ് (32), രാജേന്ദ്രന്റെ മകന്‍ ആര്‍. അനില്‍ (33), കൃഷ്ണന്റെ മകന്‍ രാഹുല്‍ (28), ശിവന്റെ മകന്‍ എസ്. വിഗ്‌നേഷ് (24), ഡ്രൈവറായ കശ്മീരിലെ സത്രീന കന്‍ഗന്‍ സ്വദേശി അജാസ് അഹമ്മദ് ഷാ എന്നിവരാണ് മരിച്ചത്. മനോജിനെകൂടാതെ, ചിറ്റൂര്‍ സ്വദേശികളായ കൃഷ്ണന്റെ മകന്‍ കെ. രാജേഷ് (30), കറുപ്പുസ്വാമിയുടെ മകന്‍ കെ. അരുണ്‍ (26) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.
നവംബര്‍ 30-നാണ് ചിറ്റൂര്‍ നെടുങ്ങോട്ടുനിന്നുള്ള 13 അംഗസംഘം തീവണ്ടിമാര്‍ഗം വിനോദയാത്രയ്ക്ക് പുറപ്പെട്ടത്. കശ്മീരിലെത്തി രണ്ടുവാഹനങ്ങള്‍ വാടകയ്ക്കെടുത്തായിരുന്നു ലഡാക്കിലേക്കുള്ള യാത്ര. ചൊവ്വാഴ്ച നിമാത സോജിലാ പാസില്‍നിന്ന് സോന്‍മാര്‍ഗ് ശ്രീനഗറിലേക്ക് വരുന്നതിനിടയില്‍ മോര്‍ഹ് എന്ന പ്രദേശത്താണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന എസ്.യു.വി. റോഡിലെ മഞ്ഞില്‍ തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നു.