തിരുവനന്തപുരം:സിക്ക വൈറസ് ബാധയിൽ കേരളത്തിന് താത്കാലിക ആശ്വാസം. തിരുവനന്തപുരത്ത് നിന്നും അയച്ച 17 സാംപിളുകളുടെ ഫലം നെഗറ്റീവായി. പൂണെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാംപിളുകളാണ് നെഗറ്റീവായത്. സിക്ക വൈറസിൽ ആശങ്കാജനകമായ സാഹചര്യം നിലവിലില്ലെന്നാണ് ആരോഗ്യവകുപ്പിൻ്റേയും ആരോഗ്യവിദഗ്ദ്ധരുടേയും നിഗമനം. രോഗ ബാധ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ വ്യാപകമായി സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുന്നുണ്ട്. തിരുവനന്തപുരത്ത് പനിയടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുള്ള ഗർഭിണികളുടെ സാംപിളുകളും പരിശോധനയ്ക്ക് അയക്കുന്നുണ്ട്.
സിക്ക വൈറസ് സാഹചര്യം പഠിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിലേക്ക് അയച്ച ആറംഗ സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തുന്നുണ്ട്. സംസ്ഥാനത്തെ ആരോഗ്യ സ്ഥിതി കേന്ദ്രത്തിന്റെ നിരീക്ഷണത്തിലാണ് എന്നും കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചിരുന്നു.
ഇന്നലെ വരെ സംസ്ഥാനത്ത് 15 പേർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നഗരപരിധിയിലുള്ള ആരോഗ്യപ്രവർത്തകർ അടക്കമുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട്മാപ്പടക്കം പരിശോധിക്കാൻ ആരോഗ്യവകുപ്പ് കർമ്മപദ്ധതി തയാറാക്കിയിരുന്നു. പനിയുള്ള ഗർഭിണികളിൽ പരിശോധ നടത്തി സിക്കയല്ലെന്നുറപ്പാക്കാനാണ് സർക്കാർ നിർദേശം.
പാറശാല സ്വദേശിയായ യുവതിയ്ക്ക് പുറമെ, നേരത്തെ പൂനെ വൈറോളി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ചിരുന്ന 19ൽ 13 സാംപിളുകൾ കൂടിയാണ്
കഴിഞ്ഞ ദിവസം പോസിറ്റീവായത്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ അടക്കമുള്ള ജീവനക്കാരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. പുതിയ രോഗബാധിതരെല്ലാം തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ളവരാണ്. എല്ലാവരും അവരവരുടെ വീടുകളിലാണ് കഴിയുന്നതും. രോഗബാധിതരിൽ ആരുടെയും നില ഗുരുതരമല്ല.
കേരളത്തില്‍ സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ തമിഴ്നാട് പരിശോധന കർശനമാക്കിയിട്ടുണ്ട്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കുകയും. പരിശോധനയ്ക്കായി കൂടുതൽ പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. കന്യാകുമാരി ജില്ലയില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. കേരളത്തില്‍ നിന്ന് എത്തുന്നവരില്‍ രോഗലക്ഷണമുള്ളവരെ വിദഗ്ധ പരിശോധന നടത്തും. അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ തുറക്കുമെന്നും തമിഴ്നാട് ആരോഗ്യമന്ത്രി സുബ്രഹ്മണ്യം അറിയിച്ചു. പാറശാലയിലെ തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള പ്രദേശത്ത് നിന്നുള്ള യുവതിയിലാണ് കേരളത്തിൽ ആദ്യം സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുടെ മാതാപിതാക്കൾക്ക് മുൻപ് സിക്ക വൈറസിന് സമാനമായ രോഗലക്ഷണങ്ങളുണ്ടായിരുന്നു.