മധുര: ചിത്രീകരണത്തിന് അനുമതിയില്ലാത്ത വൃന്ദാവനിലെ ‘നിധിവന്‍ രാജില്‍’ കയറി ചിത്രീകരണം നടത്തിയ യു ട്യൂബ് ചാനല്‍ അഡ്മിന്‍ അറസ്റ്റില്‍. ഗൗരവ് ശര്‍മ്മ എന്ന യുവാവാണ് അറസ്റ്റിലായിരിക്കുന്നത്. ഗൗരവ്സോണ്‍ യു ട്യുബ് ചാനല്‍ അഡ്മിന്‍ ആണ് ഇയാള്‍. കഴിഞ്ഞയാഴ്ചയാണ് ഇയാള്‍ നിധിവന്‍ രാജില്‍ കടന്നുകയറി ചിത്രീകരണം നടത്തിയത്. സംഭവം വിവാദമായതോടെ ഇയാളെ ഇന്നലെ ഡല്‍ഹിയിലെ വസതിയില്‍ നിന്നാണ് പിടികൂടിയത്.
രാധയും കൃഷ്ണനും രാസലീല ആടുന്നത് നിധിവന്‍ രാജില്‍ ആണെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ മതപരമായി ഏറെ പ്രധാന്യം കല്പിക്കുന്ന ഇവിടെ ആര്‍ക്കും പ്രവേശനമില്ല. ഇവിടെയാണ് ഗൗരവ് ശര്‍മ്മ കടന്നുകയറിയത്. ഗൗരവിനെ റിമാന്‍ഡ് ചെയ്തുവെന്നും ഇയാളുടെ സഹപ്രവര്‍ത്തകര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും പോലീസ് അറിയിച്ചു.
നവംബര്‍ ആറിന് രാത്രിയാണ് ഗൗരവ് ശര്‍മ്മയും ബന്ധു പ്രശാന്തും സുഹൃത്തുക്കളായ മോഹിത്തും അഭിഷേകും കൂടി നിധിവന്‍ രാജില്‍ കടന്നുകയറിയത്. അന്ന് ചിത്രീകരിച്ച വീഡിയോ ഇയാള്‍ നവംബര്‍ ഒമ്പതിന് യു ട്യുബില്‍ അപ്ലോഡ് ചെയ്തു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ഇയാള്‍ വീഡിയോ ഡിലീറ്റ് ചെയ്യുകയായിരുന്നു.
മേയില്‍ മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരിലും ഇയാള്‍ അറസ്റ്റിലായിരുന്നു. തന്റെ വളര്‍ത്തുനായയെ ബലൂണില്‍കെട്ടി പറത്തുകയും അത് വീഡിയോയാക്കി പ്രചരിപ്പിക്കുകയും ചെയ്തതിന്റെ പേരിലായിരുന്നു അറസ്റ്റ്. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാള്‍ വീഡിയോ നീക്കം ചെയ്ത് മാപ്പുപറഞ്ഞിരുന്നു.