പാലക്കാട്: ജീവനക്കാർ നോക്കിനിൽക്കേ പുലർച്ചെ പാലക്കാട് ഡിപ്പോയ്ക്ക് സമീപത്തുനിന്ന് കെ.എസ്.ആർ.ടി.സി. ബസ് ഓടിച്ചുകൊണ്ടുപോയ യുവാവ് 18 ദിവസത്തിനുശേഷം പിടിയിൽ. മേപ്പറമ്പ് നെല്ലിക്കാട് കാദർ മൻസിലിൽ ഫാസിലാണ് (25) പിടിയിലായത്.സംഭവശേഷം തമിഴ്നാട്, ഹിമാചൽപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കറങ്ങി നടന്നശേഷം നാട്ടിൽതിരിച്ചെത്തിയപ്പോൾ മണപ്പുള്ളിക്കാവിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയതെന്ന് പാലക്കാട് ടൗൺ സൗത്ത് പോലീസ് പറഞ്ഞു. മദ്യലഹരിയിൽ ബസ് ഓടിക്കാനുള്ള ആഗ്രഹംകൊണ്ട് ബസ് എടുത്തെന്നാണ് ഫാസിൽ പോലീസിനോട് പറഞ്ഞത്.
ജൂൺ ഏഴിന് പുലർച്ചെ 2.50-നാണ് ബസ് മോഷണം പോയത്. ഡിപ്പോയ്ക്കുപുറത്ത് മദ്യശാലയ്ക്കുമുൻപിൽ നിർത്തിയിട്ട ബസ് പിന്നീട് ടൗൺ ബസ്‌സ്റ്റാൻഡിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മോഷണം നടക്കുന്നതിന് തൊട്ടുമുൻപ് രണ്ടുപേർ ഡിപ്പോ പരിസരത്തേക്ക് സ്കൂട്ടറിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യവും സ്കൂട്ടറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫാസിലിനെക്കുറിച്ച് വിവരം ലഭിച്ചത്.
ബസിൽ കയറി ബട്ടൺ അമർത്തിയപ്പോൾത്തന്നെ സ്റ്റാർട്ടായെന്നും ഓടിക്കാൻ ആഗ്രഹം തോന്നിയപ്പോൾ മുന്നോട്ടെടുത്തെന്നും തെളിവെടുപ്പിനിടെ പ്രതി പറഞ്ഞു. ‘മോഷ്ടിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. ആദ്യം ഡി.പി.ഒ. റോഡ് വഴി റെയിൽവേ മേല്പാലത്തിലെത്തി അവിടെനിന്ന് എസ്.ബി.ഐ. ജങ്ഷനിലെത്തി. പിന്നീട് തിരികെ വന്ന് സ്റ്റാൻഡിനടുത്തുള്ള ചെറിയ റോഡിലൂടെ ഡിപ്പോ ഭാഗത്തേക്ക് കടന്ന് അബൂബക്കർ കോളനി റോഡ് വഴി മംഗളം ടവർ ഭാഗത്തെത്തുകയായിരുന്നു. ബസ് ഓടിച്ചിട്ടില്ലെങ്കിലും നേരത്തേ വലിയ വാഹനങ്ങൾ ഓടിച്ച് പരിചയമുണ്ട്’-ഫാസിൽ പറഞ്ഞു. കെ.എസ്.ആർ.ടി.സി. അധികൃതർ ഉത്തരവാദിത്വമില്ലാതെ ബസ് വഴിയോരത്ത് നിർത്തിയിടാമോയെന്നും പ്രതി പോലീസിനോട് ചോദിച്ചു.
ഫാസിലിനെതിരേ ടൗൺ സൗത്ത്, നോർത്ത് സ്റ്റേഷനുകളിലായി മോഷണം, അടിപിടി, ലഹരിക്കടത്ത് ഉൾപ്പെടെ ഒൻപത് കേസുകളുണ്ടെന്നും ഇയാൾക്കൊപ്പം സ്കൂട്ടറിൽ വന്നയാളെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. എസ്.ഐ.മാരായ കെ. സലിം, ഷബീബ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫാസിലിനെ പിടികൂടിയത്.
ബസ് മോഷണം പോയ രാത്രി ഏഴേമുക്കാലോടെ ഡി.പി.ഒ. റോഡിനടുത്തുള്ള ബാറിന് സമീപം നിർത്തിയിട്ട മിനിലോറിയും മോഷണം പോയിരുന്നു. ഈ കേസിലും ഫാസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിവരം ലഭിച്ചതായി എസ്.ഐ. കെ. സലീം പറഞ്ഞു. യാക്കര സ്വദേശിയുടേതായിരുന്നു ലോറി. താക്കോൽ ലോറിയിൽവെച്ച്, കടയിൽ മുടിവെട്ടാൻ കയറി തിരിച്ചുവരുന്നതിനിടെ ലോറി നഷ്ടപ്പെട്ടെന്നായിരുന്നു പരാതി.
കോയമ്പത്തൂരിനുസമീപം ലോറി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. വിരലടയാളം ശേഖരിച്ച് കുറ്റകൃത്യം ചെയ്തവരുടെ ഡേറ്റാബാങ്കിൽ പരിശോധിച്ചപ്പോഴാണ് ഫാസിലിനെക്കുറിച്ച് വിവരം ലഭിച്ചതെന്നും മറ്റാരെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.


