തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി. ബലിദാനികളുടേത് അടക്കമുള്ള പേരുകളിൽ സത്യപ്രതിജ്ഞ ചെയ്ത കൗൺസിലർമാരുടെ സത്യപ്രതിജ്ഞയാണ് ചട്ടലംഘനമാണെന്ന് കണ്ടെത്തിക്കൊണ്ട് ഹൈക്കോടതി അസാധുവാക്കിയിരിക്കുന്നത്. ഈ കൗൺസിലർമാരോട് നാലാഴ്ചയ്ക്കകം സത്യപ്രതിജ്ഞ വീണ്ടും ചെയ്യാനാണ് ഹൈക്കോടതി ഇപ്പോൾ നിർദേശിച്ചിരിക്കുന്നത്.‌‌

തിരുവനന്തപുരം കോർപറേഷനിലെ സിപിഎം പാർലമെന്ററി പാർട്ടി നേതാവ് അഡ്വ. എസ്.പി. ദീപക് നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. കോർപറേഷൻ തിരഞ്ഞെടുപ്പിൽ വിജയിച്ച 20 ബിജെപി കൗൺസിലർമാർ ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്തെന്ന് കാട്ടിയാണ് ദീപക് കോടതിയെ സമീപിച്ചത്. സത്യപ്രതിജ്ഞ വേളയിൽ 20 ബിജെപി കൗൺസിലർമാർ വിവിധ പേരുകളിലാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് ഹർജിയിൽ പറഞ്ഞിരുന്നു.

വ്യക്തിപരമായ വിശ്വാസത്തിന്റെ ഭാഗമായി ഇത്തരം പേരുകൾ ഉപയോഗിക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. സത്യപ്രതിജ്ഞ റദ്ദാക്കിയെങ്കിലും ഇവരുടെ അംഗത്വം നഷ്ടപ്പെട്ടിട്ടില്ല. നാലാഴ്ചയ്ക്കുള്ളിൽ ചട്ടപ്രകാരം വീണ്ടും സത്യപ്രതിജ്ഞ ചെയ്താലേ ഇവർക്ക് കൗൺസിലർ സ്ഥാനത്ത് തുടരാനാകൂ.

കേരള മുനിസിപ്പാലിറ്റി ആക്ടിലെ മൂന്നാം അനുച്ഛേദപ്രകാരം ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ആണ് വേണ്ടത്. എന്നാൽ ചട്ടം ലംഘിച്ച് ബലിദാനികൾ, ഭാരതാംബ, ശ്രീനാരായണഗുരു, ശ്രീപത്മനാഭസ്വാമി, അയ്യപ്പൻ, ആറ്റുകാലമ്മ, ഉദിയന്നൂരമ്മ എന്നിങ്ങനെ വിവിധ പേരുകളിലാണ് ബിജെപി കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തത്.

തിരുവനന്തപുരത്തിന് പുറമെ കൊല്ലം കോർപറേഷനിലും വിവിധ പഞ്ചായത്തുകളിലും ദൈവങ്ങളുടെയും വ്യക്തികളുടെയും പേരിൽ സത്യപ്രതിജ്ഞ നടന്നിരുന്നതായി പരാതികൾ ഉയർന്നിരുന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ഒരു അംഗം മന്ത്രിയുടെ പേരിലും വോട്ടർമാരുടെ പേരിലും സത്യപ്രതിജ്ഞ ചെയ്തത് വലിയ വിവാദമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News