KeralaNews

സ്‌കൂട്ടറില്‍ അണലി കയറിയതറിയാതെ 30 കിലോമീറ്റര്‍ യാത്ര; യുവാവ് ഭാഗ്യത്തിന് രക്ഷപ്പെട്ടു

പുത്തൂർ:സ്കൂട്ടറിൽ അണലി കയറിയതറിയാതെ 30 കിലോമീറ്റർ ഒറ്റയ്ക്കു വണ്ടിയോടിച്ച യുവാവ് കടിയേൽക്കാതെ രക്ഷപ്പെട്ടു. കൈതക്കോട് വെള്ളാവിളവീട്ടിൽ സുജിത്മോനാണ് (36) രക്ഷപ്പെട്ടത്.

ബുധനാഴ്ച രാത്രി ഭാര്യ സിമിയുടെ നീണ്ടകരയിലെ വീട്ടിലെത്തിയ സുജിത് വ്യാഴാഴ്ച പുലർച്ചെ 4.45-ന് കൈതക്കോട്ടെ വീട്ടിലേക്ക് പുറപ്പെട്ടു. കാഞ്ഞിരകോട്ട് എത്തിയപ്പോൾ കൈയിൽ എന്തോ ഇഴയുന്നതായി തോന്നി. ബ്രേക്കിന്റെ ഭാഗത്തെ സുഷിരത്തിലൂടെയാണ് കൈയിലേക്ക് സ്പർശമെത്തിയത്. വണ്ടി നിർത്തി മൊബൈൽ ഫോണിലെ ടോർച്ച് തെളിച്ചു നോക്കിയപ്പോൾ ഹെഡ് ലൈറ്റിന്റെ പിൻഭാഗത്തുകൂടി പാമ്പ് ഇഴയുന്നത് കണ്ടു. തട്ടിനോക്കിയെങ്കിലും അത് കൂടുതൽ ഉള്ളിലേക്ക് കയറി.

പുലർച്ചെയായതിനാൽ സഹായത്തിന് ആരെയും കിട്ടിയില്ല. എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയെങ്കിലും പിന്നീട് യാത്രതുടരാൻ തീരുമാനിച്ചു. അടുത്തുകണ്ട വട്ടയുടെയും കമ്യൂണിസ്റ്റ് പച്ചയുടെയും ഇലകൾ പറിച്ച് ഇരുവശത്തെയും ബ്രേക്കിന്റെ ഭാഗത്തെ ദ്വാരങ്ങൾ അടച്ചശേഷം ശ്രദ്ധിച്ച് സ്കൂട്ടറോടിച്ച് വീട്ടിലെത്തിയെന്ന് സുജിത്മോൻ പറയുന്നു.

വീട്ടിലെത്തിയശേഷം പണിപ്പെട്ടാണ് പാമ്പിനെ പുറത്തിറക്കിയത്. ഒരുഭാഗം ഇളക്കാൻ ശ്രമിക്കുമ്പോൾ മറ്റൊരു ഭാഗത്തേക്ക് ഇതു മാറും. തുടർന്ന് ബോഡി ഭൂരിഭാഗവും ഇളക്കിയശേഷമാണ് പാമ്പിനെ പുറത്തു ചാടിച്ചത്. നാലടിയോളം നീളമുള്ളതിയിരുന്നു പാമ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button