തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ മരിച്ച ദമ്പതികളുടെ മക്കള്‍ക്കു വീടും സ്ഥലവും നല്‍കുമെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. ഉറ്റവര്‍ ജീവനോടെയിരിക്കുമ്പോള്‍ കുട്ടികളെ സഹായിക്കാന്‍ ആര്‍ക്കും സാധിച്ചില്ലെന്നും സ്ഥലത്തിന്റെയും വീടിന്റെയും ഉത്തരവാദിത്തം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെന്നും ഷാഫി പറമ്പില്‍ ഫേസ്ബുക് പോസ്റ്റില്‍ അറിയിച്ചു.
കോടതി ഉത്തരവ് നടപ്പിലാക്കാനെത്തിയ അഡ്വക്കേറ്റ് കമ്മീഷന്റെയും പോലീസിന്റെയും മുന്നില്‍ പെട്രോള്‍ ദേഹത്തൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലിരിക്കവെയാണ് അതിയന്നൂര്‍ പോങ്ങില്‍ സ്വദേശി രാജന്‍ (47), ഭാര്യ അമ്പിളി (36) എന്നിവര്‍ മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും. രാജന്‍ തിങ്കളാഴ്ച പുലര്‍ച്ചയാണു മരിച്ചത്. വൈകിട്ട് രാജശന്റ മൃതദേഹം സംസ്‌കരിക്കുന്ന സമയത്താണ് അമ്പിളി മരിച്ച വാര്‍ത്തയും എത്തുന്നത്.
ആത്മഹത്യക്കുറ്റത്തിന് രാജനും ഭാര്യ അമ്പിളിക്കുമെതിരെ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തിരുന്നു. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കുടില്‍ കെട്ടി കുടുംബത്തോടൊപ്പം താമസിക്കുന്ന രാജന്‍ അവിടം ഒഴിയണമെന്ന കോടതി വിധി നടപ്പാക്കാനാണ് അഡ്വക്കറ്റ് കമ്മീഷന്‍ പോലീസുമായി ഇക്കഴിഞ്ഞ 22-ന് സ്ഥലത്തെത്തിയത്. ഇതിനിടെ രാജന്‍ വീടിനകത്തു കയറി പെട്രോളുമായി പുറത്തെത്തി അമ്പിളിയെയും ചേര്‍ത്ത് നിര്‍ത്തി ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഗ്രേഡ് എസ്‌ഐ അനില്‍കുമാറിനും പൊള്ളലേറ്റിരുന്നു.
രാജനും കുടുംബവും താമസിച്ചിരുന്ന വീടിനു സമീപത്തു തന്നെ ഇന്നലെ സംസ്‌കാര ചടങ്ങുകളും നടന്നു. സംഭവത്തിനു ശേഷം മിനിറ്റുകള്‍ക്കകം സ്റ്റേ ഓര്‍ഡര്‍ എത്തിയെങ്കിലും രാജനെയും അമ്പിളിയെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയിരുന്നു. അതേസമയം, ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുക മാത്രമായിരുന്നു രാജന്‍െ ഉദ്ദേശ്യമെന്ന് ബന്ധുക്കള്‍ പറയുന്നു. ലൈറ്റര്‍ തട്ടിത്തെറിപ്പിച്ചത് പോലീസാണെന്നും ആരോപണമുണ്ട്.
സംഭവത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റൂറല്‍ എസ്പിക്കാണ് അന്വേഷണ ചുമതല. പരാതിയെത്തുടര്‍ന്ന് ഭൂമി ഒഴിപ്പിക്കണമെന്ന് കോടതി ഉത്തരവ് കൈകാര്യം ചെയ്യുന്നതില്‍ പോലീസിനു വീഴ്ച പറ്റിയിരുന്നോ എന്നാണ് അന്വേഷിക്കുക. ദന്പതികളോടുപോലീസ് മോശമായി പെരുമാറിയിരുന്നോ എന്നതുള്‍പ്പെടെ അന്വേഷണവിധേയമാക്കാനും നിര്‍ദേശം നല്‍കി.