രാഹുൽ ജയിൽമോചിതൻ, സ്വീകരിച്ച് നേതാക്കൾ
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ കേസിലും ജാമ്യം ലഭിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായി. ബുധനാഴ്ച രാത്രി 09:15-ഓടെയാണ് രാഹുല്‍ പൂജപ്പുര ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.
യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ്, സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി, ഷാഫി പറമ്പില്‍ എം.എല്‍.എ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുലിനെ സ്വീകരിക്കാനായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയിരുന്നു. ഒന്‍പതുദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ രാഹുലിനെ പുഷ്പവൃഷ്ടിയും വെടിക്കെട്ടും ഉൾപ്പെടെ നടത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരവേറ്റത്.
നേരത്തേ ജാമ്യം ലഭിച്ചെങ്കിലും രാഹുലിന്റെ ജയില്‍മോചനം അനിശ്ചിതത്വത്തിലായിരുന്നു. കോടതി ജാമ്യം അനുവദിച്ചെങ്കിലും ജാമ്യവ്യവസ്ഥ പ്രകാരമുള്ള തുക അടയ്ക്കാന്‍ സാധിക്കാത്തതിരുന്നതാണ് മോചനം അനിശ്ചിതത്വത്തിലാക്കിയത്. ട്രഷറി സമയം കഴിഞ്ഞതിനാലാണ് തുക അടയ്ക്കാന്‍ സാധിക്കാതിരുന്നത്. എന്നാല്‍ തുക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് രാഹുലിന്റെ അഭിഭാഷകര്‍ ജഡ്ജിക്ക് സത്യവാങ്മൂലം നല്‍കിയതോടെയാണ് ജയില്‍മോചനത്തിന് വഴി തുറന്നത്.
ജാമ്യ ഉത്തരവ് ജയിലില്‍ എത്തുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുകയും ചെയ്തതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. രാഹുലിനെ സ്വീകരിക്കാനായി ഉള്‍പ്പെടെയുള്ള നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും ജയിലിന് മുന്നിലുണ്ടായിരുന്നു.സെക്രട്ടറിയേറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും ജാമ്യം ലഭിച്ചതോടെയാണ് അറസ്റ്റിലായി ഒന്‍പതാം ദിവസം രാഹുലിന് പുറത്തിറങ്ങാന്‍ വഴിതെളിഞ്ഞത്. പൊതുമുതല്‍ നശിപ്പിച്ചു, പോലീസിനെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.
അമ്പതിനായിരം രൂപയുടെ ബോണ്ട് അല്ലെങ്കില്‍ രണ്ടുപേരുടെ ആള്‍ജാമ്യം, പൊതുമുതല്‍ നശിപ്പിച്ചതിന് 1360 രൂപ കെട്ടിവെക്കണം. ആറ് ആഴ്ചകളില്‍ എല്ലാ തിങ്കളാഴ്ചകളിലും പോലീസ് ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളിലാണ് രാഹുലിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
മറ്റ് രണ്ടു കേസുകളില്‍ കോടതി രാഹുലിന് കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചിരുന്നു. കന്റോണ്‍മെന്റ് പോലീസെടുത്ത രണ്ടുകേസുകളിലാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചത്.സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പോലീസ് മൂന്നും ഡി.ജി.പി. ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസ് ഒരു കേസുമാണ് നേരത്തേ രാഹുലിന്റെ പേരിലെടുത്തത്. ജില്ലാജയിലില്‍വെച്ച് കന്റോണ്‍മെന്റ് പോലീസ് രണ്ടുകേസുകളിലും മ്യൂസിയം പോലീസ് ഒരുകേസിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.