കൊച്ചി:ശ്രീനിവാസൻ നായകനായ കീടം സിനിമയുടെ എറണാകുളത്തെ ഷൂട്ടിംഗ് സെറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. നടൻ ജോജു ജോർജ്ജിനെതിരായ (Joju George) പ്രതിഷേധത്തിന്‍റെ ഭാഗമായാണ് സിനിമാ ചിത്രീകരണ നടക്കുന്ന പുത്തൻകുരിശ് പിഡബ്ല്യൂഡി റസ്റ്റ് ഹൗസിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് റസ്റ്റ് ഹൗസിന് മുന്നിൽ പൊലീസ് തടഞ്ഞു. കുന്നത്ത് നാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കഴിഞ്ഞ ദിവസവും സിനിമാ ചിത്രീകരണ സ്ഥലത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയിരുന്നു. കാഞ്ഞിരപ്പള്ളിയിൽ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ചായിരുന്നു മാർച്ച്. ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്കായിരുന്നു മാർച്ച്. പൊൻകുന്നത്തെ പ്രവർത്തകർ നടത്തിയ മാർച്ച് കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെ തടഞ്ഞു. ഇതോടെ ഇരു വിഭാഗവും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു.
കാഞ്ഞിരപള്ളി കുന്നുംഭാഗത്ത് റോഡിൽ ഗതാഗതം തടസപ്പെടുത്തി സിനിമ ചിത്രീകരണം നടത്തുന്നതിനെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിക്ഷേധ സമരം സംഘടിപ്പിച്ചത്. പ്രതിക്ഷേധ മാർച്ച് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എംകെ ഷമീർ, കെഎസ് യു ജില്ലാ സെക്രട്ടറി അടക്കം അടക്കമുള്ള നേതൃത്വം തടസപ്പെടുത്തിയതോടെ ഇവർ തമ്മിൽ ഉന്തും തള്ളുമായി. തുടർന്ന് പൊലീസ് ഇടപെട്ട് പ്രശ്നം നിയന്ത്രണ വിധേയമാക്കുകയായിരുന്നു. സിനിമ താരം ജോജു ജോർജിനെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രവർത്തകർ ഷുട്ടിങ് സ്ഥലത്തെക്ക് മാർച്ച് നടത്തിയത്.
അതേസമയം ഇന്ധനവില വർധനയ്ക്ക് എതിരായ വഴിതടയൽ സമരത്തിനിടെ നടൻ ജോജു ജോർജിന്‍റെ കാർ ആക്രമിച്ച സംഭവത്തിൽ ടോണി ചമണിയടക്കമുള്ള നേതാക്കൾ കീഴടങ്ങിയിരുന്നു. പ്രകടനമായി മരട് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയാണ് ടോണി ചമണിയും കൂട്ടുപ്രതികളായ കോൺഗ്രസ് പ്രവത്തകരും കീഴടങ്ങിയത്. സ്റ്റേഷനിലേക്ക് പ്രവേശിക്കും മുൻപ് ഇവർ ജോജു ജോർജിൻ്റെ കോലം കത്തിക്കുകയും ചെയ്തു.
മുൻ മേയറായ ടോണി ചമണിയോടൊപ്പം യൂത്ത് കോൺഗ്രസ് നേതാവ് സിഐ ഷാജഹൻ അടക്കം അഞ്ച് പേരാണ് കീഴടങ്ങിയത്. എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസും സ്ഥലത്തുണ്ടായിരുന്നു. വനിതാ നേതാക്കൾ നൽകിയ പരാതിയിൽ ഇതുവരെ ജോജു ജോർജിനെതിരെ പൊലീസ് കേസെടുക്കാത്തതിനെതിരെ അതിരൂക്ഷ വിമർശനമാണ് നേതാക്കൾ നടത്തിയത്.
വ്യാജപരാതിയിലാണ് തനിക്കെതിരെ പൊലീസ് കേസെടുത്തതെന്ന് കീഴടങ്ങും മുൻപ് ടോണി ചമണി പറഞ്ഞു. നിയമപരമായും രാഷ്ട്രീയമായും ഈ നീക്കത്തെ പ്രതിരോധിക്കും. പൊലീസിനേയും പൊതുജനങ്ങളേയും മുൻകൂട്ടി അറിയിച്ച ശേഷമാണ് കൊച്ചിയിലെ വഴിതടയൽ സമരം നടത്തിയത്. അതീവ ഗൌരവമുള്ള വിഷയമായതിനാലാണ് കടുത്ത സമരനടപടികളിലേക്ക് നീങ്ങിയത്. എന്നാൽ സമരത്തെ അലങ്കോലപ്പെടുത്താൻ ജോജു ശ്രമിച്ചു ഇതോടെയാണ് പ്രവർത്തകർ പ്രകോപിതരാവുന്ന അവസ്ഥയുണ്ടായത്.
ആർക്കും രാഷ്ട്രീയമായ നിലപാടകളും ആഭിമുഖ്യവും സ്വീകരിക്കാം. എന്നാൽ ഒരു പാർട്ടിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നത് ശരിയല്ല. ബി. ഉണ്ണികൃഷ്ണൻ്റെ രാഷ്ട്രീയമെന്താണെന്ന് എല്ലാവർക്കുമറിയാം. സിപിഎമ്മിൻ്റെ കുഴലൂത്തുകാരനാണ് അദ്ദേഹം. കോണ്ഗ്രസുകാരുടെ സമരം അലങ്കോലമാക്കാൻ തുനിഞ്ഞ ജോജു സിപിഎം ജില്ലാ സമ്മേളനറാലിക്ക് ഗതാഗതം തടയുമ്പോൾ എതിർപ്പ് പ്രകടിപ്പിക്കാൻ തയ്യാറാവുമോ എന്ന് ടോണി ചമ്മണി ചോദിച്ചു. അങ്ങനെ സിപിഎമ്മിനെതിരെ പ്രതികരിച്ചാൽ ജോജുവിൻ്റെ അനുശോചനയോഗം നടത്തേണ്ടി വരുമെന്നും ടോണി പരിഹസിച്ചു.
ജോജുവിൻ്റെ ലാൻഡ് റോവർ ഡിഫൻഡർ കാറിൻ്റെ ചില്ല് തകർർത്ത കേസിലാണ് ടോണി ചമണിയടക്കമുള്ളവർ അറസ്റ്റ് വരിച്ചിരിക്കുന്നത്. ഇതേ കേസിൽ നേരത്തെ രണ്ട് കോണ്ഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ജോജുവുമായി ഇനി യാതൊരു ഒത്തുതീർപ്പുമുണ്ടാവില്ലെന്ന വ്യക്തമായ സൂചനയാണ് എറണാകുളത്തെ കോൺഗ്രസ് നേതാക്കൾ നൽകുന്നത്.