KeralaNews

ആലത്തൂരിൽ കുട്ടികൾ നാടുവിട്ടതിന് കാരണം വിശദീകരിച്ച് പൊലീസ്

പാലക്കാട്: ആലത്തൂരിൽ (Alathur) കാണാതായ ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയും ഇന്ന് കണ്ടെത്തിയിരുന്നു. കോയമ്പത്തൂരിൽ റെയിൽവേ സ്റ്റേഷനിൽ നിന്നായിരുന്നു ഇവരെ കണ്ടത്തിയത്. എന്നാൽ ഈ കുട്ടികൾ കാണാതായതിന് പിന്നിലെ കാരണമാണ് ഇപ്പോൾ പുറത്തുവരുന്നത്. വിചിത്രമായ കാരണമാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കുട്ടികൾ പോയത് ഗെയിം കളിക്കാനാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലും അന്വേഷണത്തിലുമാണ് കണ്ടെത്തൽ. ഫ്രീ ഫയർ മൊബൈൽ ഗെയിം നാല് പേരെയും സ്വാധീനിച്ചിരുന്നു. നാല് പേരും ഗെയിമിൽ ഒരു സ്ക്വാഡ് ആയിരുന്നു. ഫ്രീ ഫയർ ടൂർണമെന്റിൽ പങ്കെടുക്കാനാണ് കുട്ടികൾ വീട്ടിൽ നിന്നിറങ്ങിയത്. ഇവരുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. കുട്ടികൾക്ക് കൗൺസലിംഗ് നൽകുമെന്ന് പൊലീസ് അറിയിച്ചു.

14 വയസുള്ള കുട്ടികളെ 5 ദിവസം മുമ്പാണ് കാണാതായത്. ഇരട്ട സഹോദരിമാരും , രണ്ട് ആൺകുട്ടികളെയുമാണ് പൊലീസ് കണ്ടെത്തിയത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് നാല് പേരും. പൊലീസ് നടത്തിയ അന്വേഷണത്തിൽ നാല് പേരെയും കോയമ്പത്തൂരിൽ നിന്ന് കണ്ടെത്തുകയായിരുന്നു. നേരത്തെ തമിഴ്നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി യിരുന്നു. കുട്ടികൾ ഗോവിന്തപുരം ചെക്ക് പോസ്റ്റ് കടന്നതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ഇവരെ കാണാതായത്. ഇവര്‍ പാലക്കാട് ബസ് സ്റ്റാന്‍ഡിലൂടെയും പാര്‍ക്കിലൂടെയും നടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

ഒരാളുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും പാലക്കാട് മുതൽ അത് സ്വിച്ച് ഓഫായതായി കണ്ടെത്തി. ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ചും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുമായിരുന്നു അന്വേഷണം. വീട് വിട്ടത് എന്തിനെന്നത് സംബന്ധിച്ചടക്കം കൂടുതൽ കാര്യങ്ങൾ ചോദ്യം ചെയ്യലിൽ വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.

സംസ്ഥാനത്ത് ഒരിടവേളത്ത് ശേഷം സ്കൂൾ തുറന്നതിന് പിന്നാലെ വീട് വിട്ടിറങ്ങുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ്. ഇടുക്കിയിൽ സ്കൂളിലെത്താതെ ആനയെ കാണാൻ പോയതിന് അധ്യാപകൻ വഴക്ക് പറഞ്ഞതോടെ നാടുവിട്ട രണ്ട് കുട്ടികളെ രണ്ട് ദിവസത്തെ തിരച്ചിലിന് ഒടുവിലാണ് കണ്ടെത്താൻ കഴിഞ്ഞത്.

അതേ സമയം ആലത്തൂരിൽ ഡിഗ്രി വിദ്യാർത്ഥിനിയായ സൂര്യ കൃഷ്ണയെ കാണാതായിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും അന്വേഷണം ഏങ്ങുമെത്തിയിട്ടില്ല. കാണാതായ സൂര്യ കൃഷ്ണയുടെ ലുക്ക്ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയെങ്കിലും വിവരമൊന്നുമില്ല. ഓഗസ്റ്റ് മുപ്പതാം തീയതിയാണ് പാലക്കാട് മേഴ്സി കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിനിയായ സൂര്യകൃഷ്ണ വീട് വിട്ടിറങ്ങിയത്. പുസ്തകം വാങ്ങാനെന്നായിരുന്നു അമ്മയോട് പറഞ്ഞത്.

പുസ്തക കടയില്‍ കാത്തുനിന്നിട്ടും മകളെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആലത്തൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഓഗസ്റ്റ് മുപ്പതിന് പകൽ പതിനൊന്നേകാലോടെ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലെ സിസിടിവിയിലാണ് സൂര്യയുടെ ദൃശ്യങ്ങൾ അവസാനമായി പതിഞ്ഞത്. മൊബൈൽ ഫോണും എടിഎം കാര്‍ഡും എടുക്കാതെ വീടു വിട്ടിറങ്ങിയ സൂര്യ യാതൊരു സൂചനകളും അവശേഷിപ്പിക്കാതെ പോയതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker