പത്തനംത്തിട്ട∙ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. പത്തനംതിട്ടയിലെ വീട്ടിൽനിന്ന് ഇന്നു പുലർച്ചെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രാഹുലിനെ അറസ്റ്റു ചെയ്തത്. യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. രാഹുലിന്റെ അറസ്റ്റിനു പിന്നാലെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.
നവകേരള യാത്രയ്ക്കിടെ ഡിവൈഎഫ്ഐ പ്രവർത്തകരും മുഖ്യമന്ത്രിയുടെ ഗണ്‍മാനും ചേർന്ന് കെഎസ്‌യു പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധായിരുന്നു യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ച്. മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു.
തൊട്ടുപിന്നാലെ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എംഎൽഎയും കണ്ടാലറിയാവുന്ന അഞ്ഞൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതികളായിരുന്നു.
കേസിൽ അറസ്റ്റിലാകുന്ന ആദ്യ നേതാവാണ് രാഹുൽ. നേരത്തെ 24 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റു ചെയ്തിരുന്നു.