വിദേശത്ത് നിന്നെത്തി കറങ്ങി നടന്നു, പരിശോധനാ ഫലം വന്നപ്പോള്‍ കൊവിഡ് പോസിറ്റീവ്; പിടികൂടി ആശുപത്രിയിലാക്കി! യുവാവിന് 2 ദിവസത്തിനുള്ളില്‍ വിവാഹവും

പെരുമ്പിലാവ്: വിദേശത്ത് നിന്നെത്തി കറങ്ങി നടന്ന യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെയും ക്വാറന്റീനില്‍ പോകാതെയും കറങ്ങി നടന്ന യുവാവിനെ ആരോഗ്യവകുപ്പ് എത്തി പിടികൂടി ആശുപത്രിയിലാക്കി. 2 ദിവസത്തിനുള്ളില്‍ വിവാഹം നടക്കേണ്ട, കല്ലുംപുറം സ്വദേശിയായ യുവാവ് ഇന്നലെ രാവിലെയാണു വിദേശത്തു നിന്നെത്തിയത്.

എയര്‍പോര്‍ട്ടിലെ കോവിഡ് പരിശോധനയുടെ ഫലം വൈകിട്ട് എത്തിയപ്പോള്‍ പോസിറ്റീവ് ആയിരുന്നു. വിദേശത്തു നിന്നെത്തുന്ന ആളുകളെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പു നടത്തിയ പരിശോധനയില്‍ ഇദ്ദേഹം ക്വാറന്റൈനില്‍ പ്രവേശിച്ചിട്ടില്ലെന്നു വ്യക്തമായി.

തുടര്‍ന്നു വൈകിട്ട് ഉദ്യോഗസ്ഥര്‍ എത്തി മറ്റു പരിശോധനകള്‍ക്കായി ജില്ല ആശുപത്രിയിലേക്കു മാറ്റി. വിവാഹത്തിന്റെ ഭാഗമായി പല സ്ഥലങ്ങളിലും ഇതിനിടെ ഇദ്ദേഹം പോയിരുന്നു. സമ്പര്‍ക്കമുള്ള ആളുകളുടെ പട്ടികയും ആരോഗ്യ വകുപ്പ് തയാറാക്കിയിട്ടുണ്ട്. അവര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കുമെന്നു പെരുമ്പിലാവ് ആരോഗ്യ കേന്ദ്രത്തിന്റെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി ആര്‍ ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News