ഗാസിയാബാദ്: ദേശീയ തലസ്ഥാനത്തിന് തൊട്ടടുത്തുള്ള ഗാസിയാബാദിലെ ബാപുധാം മേഖലയില്‍ പിങ്ക് പൊലീസ് ബൂത്തിന് മുന്നില്‍ യുവാവ് രക്തം വാര്‍ന്നു മരിച്ച സംഭവം വിവാദമാകുന്നു. പൊലീസുകാര്‍ നോക്കിനില്‍ക്കെയാണ് ഈ ദാരുണ സംഭവം അരങ്ങേറിയതെന്നാണ് ഉയരുന്ന ആക്ഷേപം. ഗാസിയാബാദില്‍ കാര്‍ മെക്കാനിക്കായി ജോലി ചെയ്യുന്ന ബിഹാര്‍ സ്വദേശിയായ രാജ്കുമാര്‍ (22) എന്ന യുവാവാണ് ക്രൂരമായ അനാസ്ഥയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കേവലം 20 രൂപയുടെ ഓട്ടോ ചാര്‍ജ് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ യുവാവിന്റെ ദാരുണാന്ത്യത്തില്‍ കലാശിച്ചത്. രാജ്കുമാറും ഓട്ടോ ഡ്രൈവറും തമ്മില്‍ യാത്രാക്കൂലിയെച്ചൊല്ലി വഴക്കുണ്ടാവുകയും, തുടര്‍ന്ന് പരാതി നല്‍കാനായി ഇരുവരും പിങ്ക് പൊലീസ് ബൂത്തിലെത്തുകയുമായിരുന്നു. സംഭവസമയത്ത് ഇരുവരും മദ്യപിച്ച നിലയിലായിരുന്നുവെന്ന് പറയപ്പെടുന്നു. തര്‍ക്കം രൂക്ഷമായിട്ടും ബൂത്തിലുണ്ടായിരുന്ന വനിതാ പൊലീസുകാര്‍ പുറത്തിറങ്ങാനോ പരാതി കേള്‍ക്കാനോ തയ്യാറായില്ലെന്നും തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ പോകാന്‍ ആവശ്യപ്പെട്ടെന്നുമാണ് വിവരം. രാജ്കുമാര്‍ ബഹളം വെക്കാന്‍ തുടങ്ങിയതോടെ ഭയന്ന വനിതാ പൊലീസുകാര്‍ ബൂത്ത് അകത്തുനിന്ന് ലോക്ക് ചെയ്യുകയായിരുന്നു.
ഇതോടെ രോഷാകുലനായ രാജ്കുമാര്‍ പിങ്ക് ബൂത്തിന്റെ ചില്ലുവാതിലില്‍ ശക്തമായി അടിക്കുകയും ചില്ല് തകര്‍ന്ന് കൈയില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്നൊഴുകിയിട്ടും അകത്തുണ്ടായിരുന്ന വനിതാ പൊലീസുകാര്‍ ഇയാളെ സഹായിക്കാന്‍ തയ്യാറായില്ലെന്ന് ദൃക്സാക്ഷികള്‍ ആരോപിക്കുന്നു. ഏകദേശം 40 മിനിറ്റോളം സഹായത്തിനായി യാചിച്ച രാജ്കുമാര്‍ ഒടുവില്‍ രക്തസ്രാവം മൂലം ബോധരഹിതനായി വീഴുകയായിരുന്നു.
‘കുമാര്‍ വനിതാ പൊലീസ് ബൂത്തിന്റെ വാതിലില്‍ ഇടിക്കാന്‍ തുടങ്ങിയതോടെ ഭയന്ന വനിതാ പൊലീസുകാര്‍ ഉള്ളില്‍ കയറി വാതില്‍ പൂട്ടുകയായിരുന്നു. ചില്ല് തകര്‍ന്ന് കൈയില്‍ ആഴത്തില്‍ മുറിവേറ്റ് ചോരയൊലിപ്പിച്ചു കിടന്നിട്ടും അവര്‍ സഹായിക്കാന്‍ ഇറങ്ങിയില്ല.’ – സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികള്‍ പറയുന്നു.
സംഭവം കണ്ട സമീപത്തെ കടയുടമയാണ് ഒടുവില്‍ പൊലീസ് ഹെല്‍പ്പ് ലൈനില്‍ വിളിച്ച് വിവരമറിയിച്ചത്. തുടര്‍ന്ന് രണ്ട് പൊലീസുകാര്‍ മോട്ടോര്‍ സൈക്കിളില്‍ സ്ഥലത്തെത്തിയെങ്കിലും പരിക്കേറ്റയാളെ കൊണ്ടുപോകാന്‍ ഒരു വാഹനവും നിര്‍ത്താന്‍ തയ്യാറായില്ല. ഒടുവില്‍ അരമണിക്കൂറോളം വൈകി ആംബുലന്‍സ് എത്തിച്ചാണ് രാജ്കുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
എഫ്.ഐ.ആര്‍ (FIR) പ്രകാരം, പരിക്കേറ്റ രാജ്കുമാറിന് ആശുപത്രിയില്‍ ചികിത്സ ലഭിക്കാന്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വൈകിയതായാണ് വ്യക്തമാകുന്നത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇയാള്‍ മരണപ്പെട്ടതെന്ന് എ.സി.പി ഉപാസന പാണ്ഡെ സ്ഥിരീകരിച്ചു. കൃത്യസമയത്ത് പ്രഥമശുശ്രൂഷ നല്‍കുകയോ ആശുപത്രിയിലെത്തിക്കുകയോ ചെയ്തിരുന്നെങ്കില്‍ രാജ്കുമാറിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
മരിച്ച രാജ്കുമാറിന്റെ ഭാര്യ എട്ടുമാസം ഗര്‍ഭിണിയാണ്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന യുവാവിന്റെ മരണത്തിന് കാരണക്കാരായ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും തങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
English Summary
A 22-year-old youth tragically bled to death in Thiruvananthapuram following a shocking display of apathy by the Pink Police. The youth had approached the Pink Police booth to complain about a dispute over a Rs 20 auto-fare. However, the female police officers on duty ignored his plea. Frustrated, the youth struck the glass window of the police booth, shattering it and severely severing an artery in his hand. Despite bleeding profusely and collapsing in front of them, the officers reportedly refused to assist him. Local residents eventually rushed him to the hospital, but he was declared brought dead due to excessive blood loss. A probe has been ordered into the police negligence amid rising public outrage.


