‘തുറമുഖം സർക്കാരിന്റേതാണ്, അദാനിക്ക് നടത്തിപ്പ് മാത്രമെന്ന് മുഖ്യമന്ത്രി മറക്കരുത്’; സെബി കത്തിൽ ദുരൂഹതയാരോപിച്ച് പിണറായിക്കെതിരെ പ്രതിപക്ഷ നേതാവിന്റെ കത്ത്

BJP ഭരിക്കുമ്പോൾ കിട്ടുന്ന പരിഗണന അദാനിക്ക് കേരളത്തിൽ എങ്ങനെ കിട്ടി; AICC തന്നെ ചോദിക്കുന്നു-പിണറായി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും കടുത്ത വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വീണ്ടും കത്തയച്ചു. താന്‍ ഉന്നയിച്ച ഗൗരവകരമായ ആശങ്കകള്‍ക്ക് വസ്തുതാപരമായ മറുപടി നല്‍കുന്നതിന് പകരം, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി. എം.എസ്.സി (MSC) കമ്പനിക്ക് ഓഹരി കൈമാറുന്നതില്‍ വ്യക്തമായ നിയമ തടസങ്ങളുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, തുറമുഖം കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ആണെന്ന വസ്തുത മുഖ്യമന്ത്രി മറക്കരുതെന്നും ഓര്‍മ്മിപ്പിച്ചു.

കണ്‍സഷന്‍ എഗ്രിമെന്റ് പ്രകാരം വിഴിഞ്ഞം പദ്ധതിയുടെ നടത്തിപ്പും പരിപാലനവും മാത്രമാണ് അദാനി ഗ്രൂപ്പിനുള്ളതെന്നും, തുറമുഖത്തിന്റെ പൂര്‍ണ്ണ ഉടമസ്ഥാവകാശം കേരള സര്‍ക്കാരിനാണെന്നുമുള്ള വസ്തുത മുഖ്യമന്ത്രി വിസ്മരിക്കരുത്. കണ്‍സഷണയര്‍ കമ്പനിയില്‍ സര്‍ക്കാര്‍ ഓഹരി പങ്കാളിയല്ലെന്ന് വരുത്തിത്തീര്‍ത്ത് ഉത്തരവാദിത്തങ്ങളില്‍ നിന്ന് തടിതപ്പാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. തുറമുഖം കോര്‍പ്പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കാതെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന നിലപാട് അസന്ദിഗ്ധമായി പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കരാറിലെ ക്ലോസ് 5.9 പ്രകാരം വിഴിഞ്ഞത്തിന് 250 കിലോമീറ്ററിനുള്ളില്‍ മറ്റൊരു തുറമുഖത്ത് ഓഹരി പങ്കാളിത്തമുള്ള കമ്പനിക്ക് വിഴിഞ്ഞത്ത് ഓഹരി കൈമാറാന്‍ നിയമപരമായ തടസ്സങ്ങളുണ്ട്. തൂത്തുക്കുടി തുറമുഖത്ത് പൂര്‍ണ്ണ അവകാശമുള്ള എം.എസ്.സി കമ്പനിയുമായുള്ള അദാനി ഗ്രൂപ്പിന്റെ നീക്കം വ്യക്തമായ കരാര്‍ ലംഘനമാണ്. എന്നിട്ടും ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നതും, വിഷയം മുന്‍ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നതും ദൗര്‍ഭാഗ്യകരമാണ്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ അദാനി ഗ്രൂപ്പ് സെബിക്ക് കത്ത് നല്‍കിയ ഗുരുതരമായ അപാകത ചൂണ്ടിക്കാട്ടിയിട്ടും, അതില്‍ മൗനം പാലിച്ചതും സര്‍ക്കാര്‍ ഉത്തരവുകള്‍ പുറത്തിറക്കാന്‍ വൈകിയതും വലിയ ദുരൂഹതകള്‍ക്കാണ് വഴിവെക്കുന്നത്.

വിഴിഞ്ഞം കോണ്‍ക്ലേവിനെ ഓഹരി കൈമാറ്റവുമായി ബന്ധിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ ദുസ്സൂചന നിറഞ്ഞ ദുരാരോപണമാണെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. 2025-ല്‍ തലസ്ഥാനത്ത് സംഘടിപ്പിച്ച വിഴിഞ്ഞം കോണ്‍ക്ലേവ് പോര്‍ട്ടിന്റെ പ്രവര്‍ത്തനക്ഷമതയും വ്യാവസായിക വളര്‍ച്ചയും ചര്‍ച്ച ചെയ്യാനുള്ള വേദിയായിരുന്നു. അദാനി ഗ്രൂപ്പിന്റെ ഓഹരി കൈമാറ്റം സംബന്ധിച്ച യാതൊരുവിധ ചര്‍ച്ചയും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്നിട്ടില്ലെന്ന് തുറമുഖ വകുപ്പിലെ ഫയലുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. വസ്തുതകള്‍ ഇതായിരിക്കെ, ഊഹങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കണ്‍സഷന്‍ എഗ്രിമെന്റിലെ ക്ലോസ് 5.8.1 പ്രകാരം വിഴിഞ്ഞം തുറമുഖത്ത് വിവേചനരഹിതമായ പ്രവേശനം (Non-discriminatory access) എല്ലാവര്‍ക്കും ലഭ്യമാണെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത കണ്‍സഷണയര്‍ക്കുണ്ട്. കരാറിലെ ഈ വ്യവസ്ഥകള്‍ സ്വകാര്യ കമ്പനി കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. കമ്പനിക്ക് വഴിവിട്ട സൗജന്യങ്ങള്‍ നല്‍കി സംസ്ഥാന താല്‍പ്പര്യങ്ങള്‍ ബലികഴിക്കരുത്. ഇതിനൊപ്പം, ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ സായുധ സേനകളുടെ സാന്നിധ്യത്തോട് പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ നിഷേധാത്മക സമീപനം സ്വീകരിക്കുന്നത് ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സ്വത്താണെന്നും, അത് കുത്തക ശക്തികളുടെ പിടിയിലമരാതെ സംരക്ഷിക്കപ്പെടണമെന്നും പ്രതിപക്ഷ നേതാവ് ഓര്‍മ്മിപ്പിച്ചു. കരാര്‍ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നും, അദാനി ഗ്രൂപ്പിന്റെ കരാര്‍ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം പിന്തുണ തുടരുമെന്നും എന്നാല്‍ നാടിന്റെ താല്‍പ്പര്യങ്ങള്‍ക്കെതിരായ ഏതു നീക്കത്തെയും ശക്തമായി എതിര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് കത്തിലൂടെ വ്യക്തമാക്കി.

English Summary

The Leader of the Opposition has sent a strongly worded letter to Chief Minister Pinarayi Vijayan, criticizing the government’s silence over the Adani Group bypassing the state government to write to SEBI regarding Vizhinjam Port. In the letter, the opposition leader reminded the CM that the port belongs entirely to the government and Adani only holds operating rights. He rejected the government’s attempts to shift the blame onto agreements signed by the previous UDF administration, demanding full transparency and an explanation regarding the contents of the letter sent to SEBI by the corporate group.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News