പെരുന്ന: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കടുത്ത ഭാഷയില്‍ മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പെരുന്ന ശുദ്ധീകരിക്കുമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കും, തന്നോട് മുഖ്യമന്ത്രി വി.ഡി സതീശന്‍ മര്യാദ കാട്ടിയില്ലെന്ന ആക്ഷേപത്തിനും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വിശദമായ മറുപടി നല്‍കി.
പെരുന്ന ശുദ്ധീകരിക്കാന്‍ വരുന്നതിന് മുന്‍പ് സുരേഷ് ഗോപി താന്‍ കൂടി അംഗമായ സിനിമയിലെ ‘അമ്മ’ സംഘടന ശുദ്ധീകരിക്കാന്‍ നോക്കണമെന്ന് ജി. സുകുമാരന്‍ നായര്‍ പരിഹസിച്ചു. ഒരു മനുഷ്യനെയും മന്നം സമാധി സന്ദര്‍ശിക്കുന്നതില്‍ നിന്ന് എന്‍എസ്എസ് തടഞ്ഞിട്ടില്ല. വോട്ടെടുപ്പ് ദിവസം സുരേഷ് ഗോപി പെരുന്നയില്‍ എത്തിയതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നു. സുരേഷ് ഗോപി വന്ന സമയത്ത് മന്നം മണ്ഡപം തുറന്നു കൊടുക്കാന്‍ താന്‍ തന്നെ നിര്‍ദ്ദേശിച്ചിരുന്നു. അതുകഴിഞ്ഞിട്ടും പിന്നെയെന്തിനാണ് എന്‍എസ്എസിന്റെ ഔദ്യോഗിക സമ്മേളനത്തിലേക്ക് അദ്ദേഹം വലിഞ്ഞു കയറി വന്നതെന്ന് സുകുമാരന്‍ നായര്‍ ചോദിച്ചു. സുരേഷ് ഗോപിക്ക് എന്‍എസ്എസിനെ ഒരു പുല്ലും ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ട മാത്രമാണെന്നും സുകുമാരന്‍ നായര്‍ ആവര്‍ത്തിച്ചു.
സുരേഷ് ഗോപി തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തെക്കൂടി വലിച്ചിഴയ്ക്കുകയാണ് ചെയ്തത്. മന്നം സമാധി തങ്ങള്‍ക്ക് ക്ഷേത്രത്തിന് തുല്യമാണ്. മുന്‍പ് ഉപരാഷ്ട്രപതി എത്തിയ സമയത്ത് സുരക്ഷയുടെ ഭാഗമായി എസ്.പി.ജി ഉദ്യോഗസ്ഥര്‍ മരങ്ങള്‍ വെട്ടിനശിപ്പിച്ചിരുന്നു. അതിന് പിന്നാലെ സമാധി മണ്ഡപത്തിനകത്ത് പരിശോധനയ്ക്കായി നായ്ക്കളെ കയറ്റാന്‍ ശ്രമിച്ചപ്പോഴാണ് തങ്ങള്‍ ശക്തമായി എതിര്‍ത്തത്. ഒരു കാരണവശാലും ക്ഷേത്രതുല്യമായ സമാധിക്കുള്ളില്‍ പട്ടി കയറാന്‍ സമ്മതിക്കില്ലെന്ന് അന്ന് താന്‍ ഉറച്ച നിലപാട് എടുത്തു എന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കി. അതേസമയം, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ച നിലപാടിനെ അദ്ദേഹം സ്വാഗതം ചെയ്തു. സുരേഷ് ഗോപിയെ തിരുത്താന്‍ രാജീവ് ചന്ദ്രശേഖര്‍ കാണിച്ച നിലപാട് അദ്ദേഹത്തിന്റെ മര്യാദയാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയിലെ നായര്‍ കരയോഗത്തിന് എന്‍എസ്എസുമായി യാതൊരു ബന്ധവുമില്ലെന്നും അവിടെ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര സംഘടന മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകം മുഴുവന്‍ നായന്മാരുണ്ടെന്നും അവരെല്ലാം വരുന്നത് കേരളത്തിലേക്കാണെന്നും ഡല്‍ഹിയിലേക്കല്ലെന്നും സുകുമാരന്‍ നായര്‍ ഓര്‍മ്മിപ്പിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും അതിരൂക്ഷമായ വിമര്‍ശനമാണ് ജി. സുകുമാരന്‍ നായര്‍ ഉന്നയിച്ചത്. തനിക്കൊപ്പം വേദി പങ്കിടാനും കാണാനും സതീശന് അനുമതി നിഷേധിച്ചിട്ടില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് അദ്ദേഹം ആരോപിച്ചു. സതീശന്‍ തന്നോട് ഒരു മര്യാദയും കാണിച്ചിട്ടില്ല.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് മികച്ച ബന്ധമാണ് ഉണ്ടായിരുന്നത് എന്ന് സുകുമാരന്‍ നായര്‍ ഓര്‍ത്തെടുത്തു. ഫോണ്‍ വിളിച്ചാല്‍ പിണറായി വിജയന്‍ തിരക്കിലല്ലെങ്കില്‍ അപ്പോള്‍ തന്നെ എടുക്കും. തിരക്കാണെങ്കില്‍ പിന്നീട് തിരിച്ചുവിളിക്കാമെന്ന സന്ദേശമയക്കും. അങ്ങനെയൊരു രാഷ്ട്രീയ മര്യാദ പോലും വി.ഡി. സതീശന്‍ കാണിച്ചിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിലവില്‍ കാര്യങ്ങള്‍ തിരുത്താന്‍ ശേഷിയുള്ള തിരുത്തല്‍ ശക്തികളില്ലെന്നും എന്തിനേറെ പറയുന്നു, കോണ്‍ഗ്രസിന് നിലവില്‍ ഒരു ഹൈക്കമാന്‍ഡ് ഉണ്ടോ എന്ന് തനിക്ക് വലിയ സംശയമുണ്ടെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പരിഹസിച്ചു.
English Summary
NSS General Secretary G. Sukumaran Nair launched a scathing attack on Union Minister Suresh Gopi, stating that before trying to “cleanse” Perunna (NSS Headquarters), Suresh Gopi should focus on cleansing his own actors’ association, ‘AMMA’. Strongly reacting to the minister’s remarks, Nair stated that “nobody can do a single thing to the NSS.” He also criticized Suresh Gopi’s visit to Perunna on election day, calling it mere vote-bank politics, and strongly condemned dragging the Vice President’s office into these local political controversies.


