ബിവറേജസിന് മുന്നിൽ വെച്ച് പരിചയപ്പെട്ടു; യുവാവിനെ മൺവെട്ടികൊണ്ട് ആക്രമിച്ച് ഫോണും പണവും ബൈക്കും കവർന്നു; പിന്നാലെ കട കുത്തിത്തുറന്ന് മോഷണം; വയനാട് സ്വദേശി മുബഷീർ വലയിൽ

ബിവറേജസിന് മുന്നിൽ വെച്ച് പരിചയപ്പെട്ടു; യുവാവിനെ മൺവെട്ടികൊണ്ട് ആക്രമിച്ച് ഫോണും പണവും ബൈക്കും കവർന്നു; പിന്നാലെ കട കുത്തിത്തുറന്ന് മോഷണം; വയനാട് സ്വദേശി മുബഷീർ വലയിലായത് ഇങ്ങനെ

കോഴിക്കോട്: വടകരയിൽ യുവാവിനെ മൺവെട്ടികൊണ്ട് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം പണവും ഫോണും ബൈക്കുമായി കടന്നുകളഞ്ഞ പ്രതി പിടിയിൽ. വയനാട് സ്വദേശി മുബഷീറാണ് പോലീസിന്റെ പിടിയിലായത്. പേരാമ്പ്ര സ്വദേശി ശ്രീജിത്തിനെയാണ് ഇയാൾ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. കഴിഞ്ഞ മാസം 16-നാണ് വടകര എടോടിയിലാണ് സംഭവം നടന്നത്.

ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിൽ വെച്ചാണ് ശ്രീജിത്തും മുബഷീറും പരിചയപ്പെട്ടത്. തെറ്റായ പേരും മേൽവിലാസവും ഒക്കെയാണ് മുബഷീർ ശ്രീജിത്തിനോട് പറഞ്ഞിരുന്നത് തുടർന്ന് ശ്രീജിത്തിന്റെ ബൈക്കിലാണ് ഇരുവരും പേരാമ്പ്രയിലേക്ക് പോയത്. എടോടിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപമെത്തിയപ്പോൾ, കരുതിയിരുന്ന മൺവെട്ടി ഉപയോഗിച്ച് മുബഷീർ ശ്രീജിത്തിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ ശ്രീജിത്ത് അവശനിലയിലായി. ഈ സമയത്ത് ശ്രീജിത്തിന്റെ മൊബൈൽ ഫോൺ, പഴ്സ്, പണം, എടിഎം കാർഡ്, ബൈക്ക് എന്നിവ കവർന്ന ശേഷം മുബഷീർ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ശ്രീജിത്ത് ഇഴഞ്ഞുനീങ്ങി സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തിയാണ് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കൃത്യത്തിന് ശേഷം കണ്ണൂരിലെ ബന്ധുവീട്ടിലെത്തിയ പ്രതി, ഫോണിലെ സിം കാർഡ് നശിപ്പിച്ചു കളഞ്ഞിരുന്നു. അന്ന് രാത്രി കണ്ണൂരിൽ ഒരു കട കുത്തിത്തുറന്ന് പണം കവരുകയും ചെയ്തിരുന്നു. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി മലപ്പുറത്തുണ്ടെന്ന് മനസ്സിലായത്. ചമ്രവട്ടത്തു വെച്ചാണ് ഇയാളെ പോലീസ് സംഘം പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News