13-കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമം; പിതാവ് അയൽവാസിയുടെ കാൽ തല്ലിയൊടിച്ചു

തിരുവനന്തപുരം: 13 വയസുകാരിയായ മകളെ അയൽവാസി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുന്നത് കണ്ട പിതാവ്  അയൽവാസിയുടെ കാൽ തല്ലിയൊടിച്ചു. തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെ പോത്തൻകോട് പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.

വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു പെൺകുട്ടിയുടെ കുടുംബം. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് അയൽവാസിയായ 40-കാരൻ പെൺകുട്ടിയോട് തന്റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് വീട്ടിലെത്തിയ കുട്ടിയെ ലൈംഗികമായി ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് കുട്ടിയുടെ പിതാവ് തിരികെയെത്തിയത്. പിതാവ് ഉറക്കെ വിളിച്ചതോടെ പ്രതി കുട്ടിയുടെ പിടിവിടുകയായിരുന്നു. ഓടിയെത്തിയ പിതാവ് സമീപത്തുണ്ടായിരുന്ന തടിക്കഷണം എടുത്ത് അയൽവാസിയെ മർദിച്ചു. മർദനത്തിൽ ഇയാളുടെ കാൽ ഒടിഞ്ഞു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

മുൻ വൈരാഗ്യത്തിന്റെ പേരിൽ തന്നെ ആക്രമിച്ചുവെന്നാരോപിച്ച് അയൽവാസി പിതാവിനെതിരെ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോത്തൻകോട് പോലീസ് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കിയും റിമാൻഡ് ചെയ്യുകയും ചെയ്തു.

പിന്നീടാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനാലാണ് പിതാവ് ആക്രമണം നടത്തിയതെന്ന വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

കുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് നടപടികൾ ഉടൻ രേഖപ്പെടുത്തുമെന്നും വിവരമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News