പാലക്കാട്: വേദനസംഹാരി ഗുളികകളുമായി സിക്കിം സ്വദേശി പാലക്കാട്ട് പിടിയിൽ. ഗ്യാൽഷിങ് ലിങ്ഷോം സ്വദേശി സാഷി ഹാങ് സുബ്ബ(22)യാണ് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ പിടിയിലായത്. 63.607 ഗ്രാം വരുന്ന 116 ഗുളികകളാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ഡോക്ടറുടെ നിർദേശപ്രകാരംമാത്രം ഉപയോഗിക്കാനാവുന്ന ശക്തിയേറിയ വേദനസംഹാരിഗുളികകളാണ് കണ്ടെടുത്തത്.
ബെംഗളൂരുവിലെ വ്യക്തിയാണ് ഗുളിക ഏൽപ്പിച്ചതെന്നാണ് ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ആലുവയിലെത്തിച്ചാൽ തക്കതായ പ്രതിഫലം വാഗ്ദാനംചെയ്തിരുന്നു. ആലുവയിൽ ഗുളിക കൈമാറേണ്ട വ്യക്തിയുടെ ഫോൺനമ്പർമാത്രമേ അറിയാവൂവെന്നും ഇയാൾ പറഞ്ഞു.
30-ന് വിവിധ സേനകളുടെ സംയുക്തസംഘം പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തുന്നതിനിടെയാണ് സാഷി ഹാങ് സുബ്ബ പിടിയിലായത്. രേഖകളോ മരുന്നിന്റെ കുറിപ്പടികളോ ഒന്നുംതന്നെയില്ലാത്തതിനാൽ ഉദ്യോഗസ്ഥർക്ക് സംശയംതോന്നി. ടാറ്റൂ ചെയ്യുമ്പോൾ അമിതമായ വേദനയുണ്ടായാൽ ഈ മരുന്ന് നൽകാൻ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ. പിടിയിലായ ആളുടെ ശരീരത്തിലും പലഭാഗങ്ങളിലായി ടാറ്റൂ ഉണ്ട്. ഗുളികകൾ എറണാകുളത്തെ സ്പായിലേക്ക് കൊണ്ടുവന്നതാകാമെന്നും സംശയമുണ്ട്.
സാഷി ഹാങ് സുബ്ബയെ റിമാൻഡ് ചെയ്തു. ഇയാളുടെ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. ആർ.പി.എഫ്. എസ്.ഐ. ബിനോയ് കുര്യൻ, എ.എസ്.ഐ. സജി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും എക്സൈസ് ഇൻസ്പെക്ടർ അജു പി. ഷാജിയുടെ നേതൃത്വത്തിലുള്ള പാലക്കാട് എക്സൈസ് എൻഫോഴ്സ്‌മെൻറ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.


