News

പെണ്‍സുഹൃത്തിനെ കാണാന്‍ രാത്രിയില്‍ മതില്‍ ചാടിയെത്തി; 18കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു

പൊള്ളാച്ചി: ആനമലയില്‍ പെണ്‍സുഹൃത്തിനെ കാണാനായി രാത്രിയില്‍ ചുറ്റുമതില്‍ ചാടിക്കടന്ന് വീട്ടിലെത്തിയ യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചു. ആനമല ശക്തിനഗറില്‍ താമസിക്കുന്ന ഹരിഹരസുധാകരനാണ് (18) മര്‍ദ്ദനമേറ്റത്. ഇയാള്‍ പ്രദേശത്തെ മേജറുടെ തെങ്ങിന്‍തോട്ടത്തിലെ ജോലിക്കാരനായിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടില്‍ ജോലിക്ക് വന്ന യുവതിയുമായി 18കാരന്‍ അടുപ്പത്തിലായി. വിവരമറിഞ്ഞ് വീട്ടുടമ ഹരിഹരസുധാകരനെ ശാസിച്ചിരുന്നു.

തുടര്‍ന്ന് ഹരിഹരസുധാകരന്‍ മറ്റൊരു തോട്ടത്തില്‍ ജോലിക്കു ചേര്‍ന്നു. ഇവിടെ നിന്നും പോയതിനുശേഷവും യുവതിയുമായി ബന്ധം തുടര്‍ന്നിരുന്നു. സംഭവദിവസം ഹരിഹരസുധാകരന്‍ യുവതി താമസിക്കുന്ന വീട്ടിലെത്തി ബഹളം വെച്ചിരുന്നു. യുവതിയെ പുറത്തേക്ക് ഇറക്കിവിടാന്‍ പറഞ്ഞായിരുന്നു ബഹളം വെച്ചത്. യുവതി പുറത്തുവരുന്നത് കാണാതായതോടെയാണ് വീടിന്റെ മതില്‍ കടന്ന് ഉള്ളില്‍ കടന്നത്.

ഇതോടെ വീട്ടുജോലിക്കാര്‍ ഇയാളെ തടഞ്ഞുവെച്ചു. തുടര്‍ന്ന് തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി തെങ്ങില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. ശേഷം യുവാവിനെ അഴിച്ചുവിട്ടു. തിരിച്ച് വീട്ടിലെത്തിയ യുവാവിന്റെ അമ്മ ദേഹത്ത് മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ട് വിവരം അന്വേഷിച്ചപ്പോഴാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്. ഉടന്‍തന്നെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടി ആനമല പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ വീട്ടുജോലിക്കാരായ രാമന്‍, കാളിമുത്തു, കേശവന്‍, രാജാത്തി തുടങ്ങിയവരുടെയും രണ്ട് ഉത്തരേന്ത്യക്കാര്‍, തോട്ടമുടമയായ മേജര്‍ എന്നിവരുടെയും പേരില്‍ കേസെടുത്തു. പാതിരാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയതിനും ബഹളം വെച്ചതിനും യുവാവിനെതിരെയും കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button