പിണങ്ങിപ്പോയ ഭാര്യയെ അനുനയിപ്പിക്കാന്‍ സ്വര്‍ണമാല വേണം! സ്വര്‍ണക്കടയുടെ പൂട്ട് പൊളിച്ച് മോഷണശ്രമം; യുവാവ് അറസ്റ്റില്‍

മലപ്പുറം: നിലമ്പൂര്‍ നഗരത്തിലെ ജ്വല്ലറിയില്‍ മോഷണത്തിന് ശ്രമിച്ച യുവാവ് അറസ്റ്റില്‍. പോത്തുകല്ല് കവളപ്പാറ ഇളമുടിയില്‍ പ്രവീണ്‍(25) ആണ് നിലമ്പൂര്‍ പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെയാണ് മോഷണശ്രമം നടന്നത്. നിലമ്പൂര്‍ ട്രഷറി ബില്‍ഡിങ്ങിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടയുടെ പൂട്ട് പൊളിക്കുന്ന ശബ്ദം കേട്ടതിനെ തുടര്‍ന്ന് ട്രഷറിയിലെ സെക്യൂരിറ്റിമാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന്, സ്ഥലത്ത് പോലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ കയ്യില്‍ നിന്ന് ചുറ്റിക, ഇരുമ്പ് ദണ്ഡ്, ഉളി, മങ്കി തൊപ്പി, ഇവ സൂക്ഷിച്ച് വയ്ക്കാന്‍ ഉപയോഗിച്ച സ്‌കൂള്‍ ബാഗ് എന്നിവയും പിടിച്ചെടുത്തു. പിണങ്ങിപ്പോയ ഭാര്യയെ അനുനയിപ്പിക്കാന്‍ കുട്ടിയ്ക്ക് സ്വര്‍ണമാലയുമായി ആലപ്പുഴയ്ക്ക് പോവാനായിരുന്നു ഇയാളുടെ പദ്ധതി.

ഇതിനാണ് മോഷണം നടത്താന്‍ ശ്രമിച്ചതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. നിലമ്പൂര്‍ ഇന്‍സ്പെക്ടര്‍ ടി.എസ് ബിനുവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ നവീന്‍ഷാജ്, എം. അസൈനാര്‍, എ.എസ്.ഐമാരായ മുജീബ്, അന്‍വര്‍, സീനിയര്‍ സി.പി.ഒ സതീഷ്, സി.പി.ഒ രജീഷ്, നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ ചോദ്യം ചെയ്ത് തെളിവെടുപ്പ് നടത്തി. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News