കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, പ്രണയത്തില്‍ നിന്ന് പിന്മാറിയതോടെ നഗ്നദൃശ്യങ്ങള്‍ നിരവധി പേര്‍ക്ക് അയച്ചുകൊടുത്തു; യുവാവ് പിടിയില്‍

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി നിരവധി പേര്‍ക്ക് അയച്ചു കൊടുക്കുയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി ഇടക്കുന്നം ഭാഗത്ത് കണ്ണംകുടിയില്‍ വീട്ടില്‍ സുട്ടു എന്നറിയപ്പെടുന്ന ബാദുഷാ സജീര്‍ (21) ആണ് അറസ്റ്റിലായത്. ചിത്രങ്ങള്‍ കിട്ടിയവരില്‍ ഒരാള്‍ കോട്ടയം ഡിവൈഎസ്പി എം അനില്‍ കുമാറിനെ വിവരം അറിയിച്ചതോടെയാണ് സംഭവത്തില്‍ പോലീസ് നടപടി.

പെണ്‍കുട്ടിയെ പരിചയപ്പെട്ട പ്രതി പ്രണയം നടിച്ച് പലതവണ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കുകയും ചെയ്തിരുന്നു. ഇതിനിടെ പെണ്‍കുട്ടി പ്രണയ ബന്ധത്തില്‍ നിന്നു പിന്മാറുന്നതായി അറിയിച്ചതിനെ തുടര്‍ന്നാണ് നിരവധി ആളുകള്‍ക്ക് പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രതി അയച്ചു നല്‍കുകയായിരുന്നു.

കോട്ടയം ഡിവൈഎസ്പി എം അനില്‍ കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിവരം ലഭിച്ച് രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ബാദുഷയെ കോട്ടയം ഡി വൈ എസ് പി ഓഫീസിലെ സബ് ഇന്‍സ്‌പെക്ടര്‍ മാരായ ഉദയകുമാര്‍ പി ബി , പ്രസാദ് കെ ആര്‍ , അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാര്‍ കെ ആര്‍, സീനിയര്‍ സി പി ഓ നിസാര്‍ ,സി പി ഓ ബിജു ബാലന്‍ എന്നിവര്‍ ചേര്‍ന്ന് കണ്ടെത്തുകയായിരുന്നു.

ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി കെ മനോജ് കുമാര്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്റ് ചെയ്തു. നഗ്‌നചിത്രങ്ങള്‍ അടങ്ങിയ ഇയാളുടെ മൊബൈല്‍ ഫോണും പോലീസ് കണ്ടെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News