ന്യൂഡല്‍ഹി: കൊവിഡ് മഹാമരി ഒന്നാം വരവില്‍ പിടികൂടിയത് പ്രായം കൂടിയവരെയും ആസ്ത്മ, അര്‍ബുദം, ഹൃദ്രോഗം, കരള്‍രോഗം പോലുള്ള ആരോഗ്യപ്രശ്‌നങ്ങളും കടുത്ത ജീവിതശൈലീ രോഗങ്ങളും ഉള്ളവരെയും ആയിരുന്നുവെങ്കില്‍ രോഗത്തിന്റെ രണ്ടാം വരവില്‍ അത് ആരോഗ്യമുള്ള ചെറുപ്പക്കാരുടെ കൂടി ജീവനെടുത്തുകൊണ്ടാണ് ഭീഷണിയാവുന്നത്.
പറയത്തക്ക അസുഖങ്ങളൊന്നുമില്ലാത്ത സാമാന്യം ആരോഗ്യമുള്ളവരും അതേസമയം കൊവിഡ് പോസിറ്റിവ് ആയവരുമായ ചെറുപ്പക്കാരെയാണ് മരണം പിടികൂടുന്നത്. ഇവര്‍ക്ക് പ്രകടമായ ലക്ഷണങ്ങള്‍ ഒന്നുമില്ലാതെ തന്നെ പെട്ടെന്ന് ശ്വാസതടസ്സം ഉണ്ടാവുന്നു, രക്തത്തില്‍ ഓക്‌സിജന്റെ അളവ് അപകടകരമാംവണ്ണം കുറയുന്നു, ആശുപത്രികളില്‍ എത്തിക്കുംമുമ്പ് ജീവന്‍ പൊലിയുന്നു.
ചിലരാകട്ടെ ആശുപത്രിയില്‍ എത്തിച്ച ശേഷം ഏതാനും ദിവസങ്ങളോ ചിലപ്പോള്‍ മണിക്കൂറുകളോ വെന്റിലേറ്റര്‍ പോലുള്ള ആധുനിക ചികിത്സാസംവിധാനങ്ങള്‍ ലഭിച്ചിട്ടുപോലും മരണത്തിന് കീഴടങ്ങുന്നു. ഏതാനും മണിക്കൂറുകള്‍ മുമ്പുവരെ ഊര്‍ജസ്വലരായിരുന്നവര്‍ പൊടുന്നനെ മരിക്കുമ്പോള്‍ സ്വാഭാവികമായും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സമൂഹത്തിന് തന്നെയും ഞെട്ടലും ദുരൂഹതയും അനുഭവപ്പെടുന്നു.
ആശുപത്രികളില്‍ എത്തിച്ചശേഷമുള്ള മരണങ്ങളാണെങ്കില്‍ ചികിത്സാ പിഴവാണോ എന്ന സംശയവും ഉയരുന്നു. എത്ര ചിന്തിച്ചുനോക്കിയാലും ആരോഗ്യമുള്ള ഒരു യുവാവോ, യുവതിയോ പെട്ടെന്ന് മരിക്കുന്നതിനെ അംഗീകരിക്കാന്‍ പൊതുവില്‍ എല്ലാവരും മടിക്കും. ഫലമോ ഇത്തരത്തിലുള്ള ഓരോ മരണത്തിനു പിന്നിലുമുള്ള കാരണങ്ങളറിയാതെ എല്ലാവരും കുഴങ്ങുന്നു.