ശരീരത്തില്‍ സ്പര്‍ശിച്ച് കടന്നുകളഞ്ഞയാളെ ഓടിച്ചിട്ട് പിടിച്ച് യുവതി കൈകാര്യം ചെയ്തു

നോയിഡ: ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം കടന്നുകളഞ്ഞയാളെ ഓടിച്ചിട്ട് പിടിച്ചശേഷം യുവതി കൈകാര്യം ചെയ്തു. വെള്ളിയാഴ്ച നോയിഡ സെക്ടര്‍ 12ലാണ് സംഭവം. നോയിഡയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരിയാണ് യുവതി. ജോലി സ്ഥലത്തേക്ക് നടക്കുന്നതിനിടെ സൈക്കിളിലെത്തിയ 40 വയസ് പ്രായം തോന്നിക്കുന്നയാള്‍ ശരീരത്തില്‍ സ്പര്‍ശിച്ചശേഷം കടന്നുകളയുകയായിരുന്നു.

‘വഴിനീളെ അവന്‍ എന്നെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു. ഞാന്‍ റോഡ് മുറിച്ചുകടക്കാനായി ശ്രമിച്ചപ്പോള്‍ ഒരു കാര്‍ സമീപത്തുകൂടി പോയി. സുരക്ഷിതമായി മാറിയപ്പോള്‍ പിറകിലൂടെ വന്ന് അയാള്‍ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നു. ശേഷം അയാള്‍ സൈക്കിളുമായി കടന്നുകളന്നു. പെട്ടന്ന് ഞെട്ടിപ്പോയെങ്കിലും പിന്നീട് അയാളുടെ പിറകെ ഓടിയെത്തുകയായിരുന്നു’ യുവതി പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തി.

ഓടിച്ചിട്ട് പിടിച്ചശേഷം ഇയാളെ യുവതി മര്‍ദ്ദിച്ചു. അതേസമയം കാഴ്ചക്കാര്‍ ഉണ്ടായിരുന്നെങ്കിലും ആരും സഹായിക്കാനുണ്ടായിരുന്നില്ലെന്നും യുവതി പറഞ്ഞു. കഴിഞ്ഞ ആറുവര്‍ഷമായി ഞാന്‍ ഇവിടെ ജീവിക്കുന്നു. ആദ്യമായാണ് ഇത്തരമൊരു ദുരനുഭവം. അയാള്‍ മാപ്പ് പറഞ്ഞെങ്കിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ യുവതി പോലീസില്‍ പരാതി നല്‍കിയതായും പ്രതിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും നോയിഡ ഡി.സി.പി രന്‍വിജയ് സിങ് വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചിലര്‍ വിഡിയോയില്‍ പകര്‍ത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇതോടെ നിരവധിപേരാണ് യുവതിക്ക് അഭിനന്ദനവുമായെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News