KeralaNews

ചികിത്സാപ്പിഴവോ? പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; അന്വേഷണം

കൊല്ലം: പ്രസവത്തെത്തുടര്‍ന്ന് വിക്ടോറിയ ആശുപത്രിയില്‍ യുവതി മരിച്ച സംഭവത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘം ഇന്ന് അന്വേഷണം നടത്തുമെന്ന് ഡിഎംഒ അറിയിച്ചു. ഓച്ചിറ ക്ലാപ്പന ആലുംപീടിക പടിഞ്ഞാറേമണ്ണേല്‍ വിനോദിന്റെ ഭാര്യ ചാന്ദന (27) ആണ് പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവമുണ്ടായി മരിച്ചത്. ആശുപത്രിക്കെതിരേ ബന്ധുക്കള്‍ വെള്ളിയാഴ്ച പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

യുവതിയുടെ ആരോഗ്യനില യഥാസമയം അറിയിക്കുകയോ വിദഗ്ധ ചികിത്സ ലഭ്യമാക്കുകയോ ചെയ്യാതെ ആശുപത്രി അധികൃതര്‍ അനാസ്ഥ കാട്ടിയതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഡിസംബര്‍ 15-നാണ് യുവതിയെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.52ന് സാധാരണ പ്രസവം നടന്നതായി ബന്ധുക്കളെ അറിയിച്ചു. കുഞ്ഞിന്റെയും അമ്മയുടെയും വിവരമൊന്നും പറഞ്ഞിരുന്നില്ല. ഒരു മണിക്കൂറിന് ശേഷം ആണ്‍കുട്ടിയാണെന്ന് അറിയിച്ചു.

പിന്നെയും ഏറെ കഴിഞ്ഞാണ് ചാന്ദനയുടെ നില ഗുരുതരമാണെന്നും രക്തം ആവശ്യമാണെന്നും പറഞ്ഞത്. രണ്ട് കുപ്പി രക്തം എത്തിച്ചു നല്‍കിയെങ്കിലും പിന്നാലെ എസ്എടിയിലേക്ക് മാറ്റണമെന്ന് അറിയിക്കുകയായിരുന്നു. ഇതിനായി ആംബുലന്‍സ് വിളിക്കാന്‍ പറഞ്ഞ് ഒന്നര മണിക്കൂറുകളോളം കഴിഞ്ഞാണ് യുവതിയെ പുറത്തിറക്കിയത്.

ബന്ധുക്കള്‍ ഉടന്‍ നഗരപരിധിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകുന്നേരം 4.15 ഓടെ മരിച്ചു. ജൂനിയര്‍ ഡോക്ടര്‍മാരാണ് ചാന്ദനയുടെ പ്രസവസമയത്ത് ഉണ്ടായിരുന്നതെന്നും സ്ഥിതി ഗുരുതരമായിട്ട് പോലും യുവതിയെ ചികിത്സിച്ചുകൊണ്ടിരുന്ന ഡോക്ടര്‍ എത്തിയില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.

യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനായി ലേബര്‍ റൂമിലെത്തിയപ്പോള്‍ ഗര്‍ഭപാത്രത്തില്‍ തുണി തിരുകിയ നിലയിലാണ് യുവതിയെ കണ്ടതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കൂടാതെ പ്രസവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നവജാത ശിശുവിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. കുട്ടിയെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button