വഡോദര: വിവാഹദിനത്തിലെ ആര്‍ത്തവം മറച്ചുവെച്ചുവെന്ന് ആരോപിച്ച് വിവാഹമോചന ഹര്‍ജിയുമായി യുവാവ്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. വിവാഹ ദിനത്തിലെ ആര്‍ത്തവ വിവരം മറച്ചുവെച്ചതുവഴി വിശ്വാസം ലംഘിക്കപ്പെട്ടുവെന്ന് യുവാവ് പറയുന്നു. വിവാഹ ചടങ്ങുകള്‍ക്കുശേഷം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ഒരുങ്ങുമ്പോഴാണ് ആര്‍ത്തവ വിവരം യുവതി വെളിപ്പെടുത്തിയതെന്നും യുവാവ് പറയുന്നു.
ജനുവരി അവസാന ആഴ്ചയിലായിരുന്നു ഇരുവരുടെയും വിവാഹം. യുവാവ് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. യുവതി അധ്യാപികയും. ഇതുകൂടാതെ നിരവധി ആരോപണങ്ങളും പരാതിയില്‍ യുവാവ് ആരോപിക്കുന്നുണ്ട്. വിവാഹത്തിന് ശേഷം കുടുംബ ചെലവിന് പണം നല്‍കുന്നതിന് യുവതി വിലക്കേര്‍പ്പെടുത്തി. മുതിര്‍ന്ന സഹോദരന്‍ കുടുംബത്തിലേക്ക് ചെലവ് നല്‍കുന്നുണ്ട്. എന്നാല്‍ താന്‍ കുടുംബ ചെലവിന് പണം നല്‍കേണ്ടെന്നും പകരം എല്ലാമാസവും 5000 രൂപ ഭാര്യക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടതായും യുവാവ് പറയുന്നു.
യുവതി വീട്ടില്‍ എ.സി വെക്കണമെന്ന് ആവശ്യപ്പെട്ടതായും എന്നാല്‍ എ.സി വെക്കാനുള്ള പണം തന്റെ കൈയില്‍ ഇല്ലെന്ന് വ്യക്തമാക്കിയതോടെ സ്വന്തം വീട്ടിലേക്ക് യുവതി മടങ്ങിപോയതായും പരാതിയിലുണ്ട്. പിന്നീട് യുവതി വീട്ടിലേക്ക് തിരികെ വന്നെങ്കിലും ഇടക്കിടെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിപോകുമെന്നും ദിവസങ്ങള്‍ക്ക് ശേഷമാണ് മടങ്ങിയെത്തുകയെന്നും പറയുന്നു.
ലോക്ഡൗണില്‍ ആവശ്യപ്പെട്ട പണം നല്‍കാന്‍ കഴിയാതെ വന്നതോടെ കൈയില്‍ പണമില്ലെന്ന് അറിയുമായിരുന്നുവെങ്കില്‍ ആദ്യരാത്രി തന്നെ പത്തു പുരുഷന്‍മാരുമായി കിടക്ക പങ്കിടുമായിരുന്നുവെന്ന് യുവതി പറഞ്ഞതായും യുവാവ് ആരോപിച്ചു. കൂടാതെ ടെറസില്‍ നിന്ന് ചാടി മരിക്കുമെന്ന് യുവതി ആത്മഹത്യ ഭീഷണി മുഴക്കിയതായും പറയുന്നു.
മേയില്‍ യുവതി മാതാപിതാക്കളുടെ അടുത്ത് പോയശേഷം തന്റെ പേരില്‍ ബാപോഡ് പൊലീസ് സ്‌റ്റേഷനില്‍ വ്യാജ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വിവാഹമോചന ഹരജി നല്‍കാന്‍ നിര്‍ബന്ധിതനായതെന്നും പരാതിയില്‍ പറയുന്നുണ്ട്.