ബീജിംഗ്: യുവാവ് എച്ച്.ഐ.വി ബാധിതനാണെന്ന കാര്യം മറച്ചു വെച്ച് വിവാഹം ചെയ്‌തെന്ന പരാതിയുമായി യുവതി രംഗത്ത്. ചൈനയിലെ ഷാങ്ഹായ് മിന്‍ഹാങ് ജില്ലാ കോടതിയിലാണ് ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി എത്തിയത്.
വിവാഹത്തിന് മുമ്പ് ഇയാള്‍ എച്ച്ഐവി ബാധിതനായിരുന്നുവെന്നും ഇക്കാര്യം മറച്ചുവെച്ചാണ് തന്നെ വിവാഹം ചെയ്തതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതി ഗര്‍ഭിണിയായതിനെ തുടര്‍ന്നായിരുന്നു ഇരുവരുടേയും വിവാഹം. കഴിഞ്ഞ ജൂണിലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹത്തിനു മുമ്പ് പ്രണയത്തിലായിരുന്ന സമയത്ത് യുവാവ് തന്റെ രോഗവിവരം യുവതിയോട് പറഞ്ഞിരുന്നില്ല.
ഇതിനിടയില്‍ യുവതി ഗര്‍ഭിണിയായതോടെ വിവാഹവും ചെയ്തു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് താന്‍ എച്ച്ഐവി ബാധിതനാണെന്ന കാര്യം ഇയാള്‍ തുറന്നു പറയുന്നത്. ഏറെ നാളായി താന്‍ എച്ച്ഐവി ബാധിതനാണെന്നും മരുന്നു കഴിക്കുന്നുണ്ടെന്നും ഇയാള്‍ യുവതിയോട് പറയുകയായിരുന്നു. ഭര്‍ത്താവിന് എയ്ഡ്‌സ് ഉണ്ടെന്ന് അറിഞ്ഞതോടെ യുവതി ഗര്‍ഭഛിദ്രം നടത്തി. ഇതിനു ശേഷമാണ് യുവതി കോടതിയെ സമീപിച്ചത്.
അതേസമയം, താന്‍ മരുന്നുകള്‍ കഴിക്കുന്നതിനാല്‍ യുവതിക്കും ജനിക്കാനിരിക്കുന്ന കുഞ്ഞിനും എച്ച്ഐവി ബാധയുണ്ടാകില്ലെന്ന് യുവാവ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഭര്‍ത്താവിന്റെ വാദം അംഗീകരിക്കാന്‍ യുവതി തയ്യാറായില്ല. വിവാഹബന്ധം വേര്‍പിരിയണമെന്ന യുവതിയുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു.