മുഹൂര്‍ത്ത സമയത്ത് വരന്‍ മുങ്ങി! പകച്ച് നിന്ന വധുവിന് ജീവിതം നല്‍കി യുവാവ്
ബംഗളൂരു: വിവാഹത്തിന് തൊട്ടുമുമ്പ് വരന്‍ മുങ്ങിയതിനെ തുടര്‍ന്ന് പകച്ചുനിന്ന വധുവിനും കുടുംബത്തിനും രക്ഷകനായി അതിഥിയായ യുവാവ്. കര്‍ണാടകയിലെ തരികെറെ താലൂക്കിലെ ചിക്കമംഗളൂരു ജില്ലയിലാണ് സംഭവം.
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സഹോദരങ്ങളായ അശോകിനും നവീനും ഒരേ വേദിയില്‍ വിവാഹം നിശ്ചയിച്ചിരുന്നത്. നവീനും അയാളുടെ പ്രതിശ്രുത വധുവായ സിന്ധുവും തലേദിവസം നടന്ന റിസപ്ഷന്‍ ചടങ്ങില്‍ വിവാഹഫോട്ടോകള്‍ എടുക്കുകയും അതിഥികളുടെ അനുഗ്രഹം വാങ്ങുകയുമെല്ലാം ചെയ്തിരുന്നു. എന്നാല്‍ വിവാഹദിനത്തില്‍ നവീനിനെ കാണാതായി. എല്ലായിടത്തും അന്വേഷിച്ചെങ്കിലും ഒരു സൂചന പോലും ലഭിച്ചില്ല.
അതേസമയം, വീട്ടുകാര്‍ നേരത്തെ നിശ്ചയിച്ച പ്രകാരം അശോകിന്റെ വിവാഹച്ചടങ്ങുകള്‍ നടത്തി. എന്നാല്‍ നവീന്റെ പ്രതിശ്രുത വധുവായ സിന്ധുവും കുടുംബവും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. കരഞ്ഞ് തളര്‍ന്നിരുന്ന നവവധു സിന്ധുവിന് ഇവരുടെ കുടുംബാംഗങ്ങള്‍ അതേ വേദിയില്‍ തന്നെ വരനെ തിരയുകയായിരുന്നു. ഒടുവില്‍ ചടങ്ങില്‍ അതിഥിയായി എത്തിയ ചന്ദ്രപ്പ എന്നയാള്‍ രക്ഷകനായി മുന്നോട്ട് വന്നു.
രണ്ട് കുടുംബങ്ങള്‍ക്കും സമ്മതമാണെങ്കില്‍ സിന്ധുവിനെ വിവാഹം ചെയ്യാന്‍ സമ്മതമാണെന്ന് ബിഎംടിസി കണ്ടക്ടറായ ചന്ദ്രപ്പ അറിയിക്കുകയായിരുന്നു. ഇതോടെ രണ്ട് കുടുംബങ്ങളും സംസാരിച്ച് കാര്യങ്ങള്‍ മനസിലാക്കി വിവാഹത്തിന് തയ്യാറായി. അങ്ങനെ നിശ്ചയിച്ച ദിവസം തന്നെ സിന്ധു വിവാഹിതയാവുകയും ചെയ്തു.
എന്നാല്‍, വിവാഹദിനത്തില്‍ വേദിയിലെത്തി അതിഥികളുടെ മുന്നില്‍ വച്ച് വിഷം കഴിക്കുമെന്ന് കാമുകി ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് നവീന്‍ മുങ്ങിയതെന്ന് പിന്നീട് വ്യക്തമായി. കാമുകിയെ കാണുന്നതിനായി നവീന്‍ തുംകുരുവിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ട്.