ഗാന്ധിനഗര്‍: കൊറോണ വ്യാപനം തടയാന്‍ സ്വന്തം നാവ് മുറിച്ച് ബലി നല്‍കി യുവാവ്. ഗുജറാത്തിലെ ബനസ്‌കന്ധ ജില്ലയിലെ നാദേശ്വരിയില്‍ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശിയായ വിവേക് ശര്‍മയെന്ന കുടിയേറ്റ തൊഴിലാളിയാണ് കൊറോണ പ്രതിരോധത്തിനായി സ്വന്തം നാവ് ബലി നല്‍കിയത്.
ക്ഷേത്രത്തിലെ ശില്പ നിര്‍മ്മാണ തൊഴിലാളിയായ വിവേക് ശര്‍മ സഹോദരന്‍ അടക്കമുള്ള 8 പേര്‍ക്കൊപ്പമാണ് ഗുജറാത്തില്‍ കഴിഞ്ഞിരുന്നത്. ശനിയാഴ്ച രാവിലെ ചന്തയിലേക്കെന്ന് പറഞ്ഞ് പുറത്തിറങ്ങിയ ഇയാളെ കാണാതായതോടെ ഒപ്പമുള്ളവര്‍ പരിഭ്രാന്തരായി.
തുടര്‍ന്ന് ഇവര്‍ ഇയാളുടെ ഫോണിലേക്ക്ക് വിളിച്ചു. അപ്പോഴാണ് ഇയാള്‍ നാക്ക് ബലി നല്‍കിയ കാര്യം അറിയിച്ചത്. താന്‍ ക്ഷേത്രത്തിലാണെന്നും കൊറോണ വ്യാപനം തടയാന്‍ നാദേശ്വരി മാതാജിക്ക് തന്റെ നാവ് ബലി നല്‍കി എന്നും ആയിരുന്നു വിവേകിന്റെ മറുപടി.
ഇയാള്‍ കടുത്ത കാളീ ഭക്തനാണെന്ന് ഒപ്പം ജോലി ചെയ്യുന്ന ബ്രിജേഷ് സിംഗ് പോലീസിനോട് പറഞ്ഞു. ബലി നല്‍കുന്നത് കണ്ട ദൃക്‌സാക്ഷികള്‍ നാവ് മുറിച്ച് ഇയാള്‍ കയ്യില്‍ പിടിച്ചു എന്ന് പോലീസിനെ അറിയിച്ചു. ക്ഷേത്രം അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നാവ് ഒട്ടിച്ചു ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിനു ശേഷം ഇയാള്‍ ഇതുവരെ വീട്ടില്‍ പോയിട്ടില്ല. ലോക്ക് ഡൗണ്‍ കാലം ഉള്‍പ്പെടെ രണ്ട് മാസത്തോളമായി ഇയാള്‍ സ്വദേശത്തേക്ക് പോയിട്ട്. സംഭവത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണം ഉടന്‍ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു.