തൃശൂര്‍: സ്വന്തം വീട്ടില്‍ നിന്നു 15 പവന്റെ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. പുല്ലഴിയില്‍ ചുമട്ടുതൊഴിലാളിയായ പ്രദീപിനെയാണ് വെസ്റ്റ് പോലീസിന്റെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുല്ലഴിയില്‍ പ്രദീപിന്റെ തറവാട്ടു വക വീട്ടില്‍, പിന്‍വശത്തെ വാതിലിന്റെ ഓടാമ്പല്‍ തകര്‍ത്ത് അകത്തുകയറി അലമാരയില്‍ നിന്നു സ്വര്‍ണം മോഷ്ടിച്ചിരുന്നു. തുടര്‍ന്ന് മോഷണം നടന്നെന്നു കാട്ടി പ്രദീപ് തന്നെ പോലീസിനു പരാതി നല്‍കുകയും ചെയ്തു.
മനക്കൊടിയിലാണു താന്‍ കുടുംബസമേതം താമസിക്കുന്നതെന്നും ജോലിയാവശ്യത്തിനായി ദിവസവും പുല്ലഴിയില്‍ എത്താറുണ്ടെന്നും പ്രദീപ് മൊഴി നല്‍കിയിരുന്നു. ഇങ്ങനെ എത്തിയപ്പോഴാണു മോഷണം നടന്നതു കണ്ടതെന്നും പ്രദീപ് പറഞ്ഞു. അമ്മയെയും സഹോദരിയെയും വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രദീപിന്റെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നു പോലീസിന് വ്യക്തമായി.തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യലില്‍ പ്രദീപ് കുറ്റം സമ്മതിച്ചു.
തനിക്കു ബാധ്യതകളുണ്ടെന്നതിനാലാണു മോഷണം നടത്തിയതെന്നും ആരും സംശയിക്കാതിരിക്കാന്‍ വീടു കുത്തിത്തുറന്ന നിലയിലാക്കിയതാണെന്നും പ്രദീപ് സമ്മതിച്ചിട്ടുണ്ട്. വെസ്റ്റ് എസ്ഐമാരായ കെ.ആര്‍. റെമിന്‍, എ.ഒ. ഷാജി, നിഴല്‍ പൊലീസ് എസ്ഐമാരായ ടി.ആര്‍. ഗ്ലാഡ്സ്റ്റണ്‍, പി.എം. റാഫി, എഎസ്ഐ ജോയ്, സിപിഒമാരായ റിക്‌സണ്‍, സുനീബ്, പഴനിസ്വാമി, ലിഗേഷ്, വിപിന്‍ദാസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.