26കാരിയായ കാമുകിയെ കൊലപ്പെടുത്തി പെട്ടിയില്‍ അടച്ചു; എട്ടു ദിവസങ്ങള്‍ക്ക് ശേഷം യുവാവ് പിടിയില്‍

ന്യൂഡല്‍ഹി: ഇരുപത്തിയാറുകാരിയുടെ മൃതദേഹം പെട്ടിയില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ ചൗളയിലെ അപാര്‍ട്‌മെന്റിലാണ് യുവതിയുടെ മൃതദേഹം പെട്ടിയിലാക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സതീഷ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അസമില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.

പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന സതീശിന് വേറെ ഭാര്യയുണ്ട്. യുവതി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ഇയാളുടെ ഫ്‌ളാറ്റിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം പെട്ടിയിലാക്കിയ ശേഷം ഇയാള്‍ സംഭവ സ്ഥലത്തു നിന്നും കടന്നുകളയുകയായിരുന്നു. ഗുരുഗ്രാമില്‍ ബഹുരാഷ്ട്ര കമ്പനിയിലെ ജീവനക്കാരിയാണ് കൊലപ്പെട്ടത്. ജാര്‍ഖണ്ഡ് സ്വദേശിനിയായ യുവതി ജോലി ആവശ്യത്തിനാണ് ഡല്‍ഹിയില്‍ എത്തിയത്.

ഫ്‌ളാറ്റില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെ അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്. പരിശോധനയില്‍ മൃതദേഹം പെട്ടിയിലാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കണ്ടെത്തുന്നതിന് രണ്ട് ദിവസം മുമ്പെങ്കിലും കൊലപാതകം നടന്നിട്ടുണ്ടാകാമെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നത്. സെപ്റ്റംബര്‍ 25 നാണ് മൃതദേഹം പുറത്തെടുത്തത്.

അറസ്റ്റിലായ സതീശ് ഗുരുഗ്രാമിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ്. സംഭവത്തിന് പിന്നാലെ ഇയാളെ കണാതായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫുമായിരുന്നു. ഇതേ തുടര്‍ന്നാണ് സംശയം ബലപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളും കോള്‍ റെക്കോര്‍ഡുകളും പരിശോധിച്ച ശേഷമാണ് ഇയാളെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം ഇയാള്‍ അസമിലേക്ക് കടന്നു കളയുകയായിരുന്നു. ഇതിനിടയില്‍ മൊബൈല്‍ ഫോണ്‍ വില്‍ക്കുകയും ചെയ്‌തെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News