രക്തം കൊണ്ട് ചുമരില്‍ ‘സോറി’ എന്നെഴുതി, കൈത്തണ്ട മുറിച്ച ശേഷം ഫാനില്‍ കെട്ടിത്തൂങ്ങി; യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തത് ആരോപണം കടുത്തതിന് പിന്നാലെ

കൊല്ലം: യുവഡോക്ടര്‍ ആത്മഹത്യ ചെയ്തത് തന്റെ രക്തം കൊണ്ട് സോറി എന്ന് എഴുതിവച്ച ശേഷം. സ്വകാര്യ ആശുപത്രി ഉടമ കടപ്പാക്കട ‘ഭദ്രശ്രീ’യില്‍ ഡോ. അനൂപ് കൃഷ്ണയെ (35) ഇന്നലെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴു വയസുകാരിയുടെ മരണത്തില്‍ ചികിത്സാപിഴവ് ആരോപിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ആത്മഹത്യ.

കൈത്തണ്ട മുറിച്ച ശേഷം ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ശുചിമുറിയുടെ ചുമരില്‍ രക്തം കൊണ്ട് ‘സോറി’ എന്നെഴുതിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണു പോലീസ് നിഗമനം. അസ്വാഭാവിക മരണത്തിന് കിളികൊല്ലൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ മാസം 23നാണ് അനൂപിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ കാലിന്റെ വളവ് മാറ്റാന്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ 7 വയസ്സുകാരി ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് പുത്തൂര്‍ മാറനാട് കുറ്റിയില്‍ പുത്തന്‍വീട്ടില്‍ സജീവ് കുമാറിന്റെയും വിനീത കുമാരിയുടെയും മകള്‍ ആഭിയ എസ്.ലക്ഷ്മിയുടെ മരണം വിവാദമായിരുന്നു. ബന്ധുക്കള്‍ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹവുമായി ആശുപത്രിയുടെ മുന്നില്‍ പ്രതിഷേധിക്കാന്‍ ശ്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.

സംഭവത്തില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണു ഡോക്ടറുടെ മരണം. ഒരാഴ്ചയായി സമൂഹമാധ്യമങ്ങളില്‍ തന്നെയും കുടുംബത്തെയും കുറിച്ച് വരുന്ന ആരോപണങ്ങളില്‍ അനൂപ് ഏറെ അസ്വസ്ഥനായിരുന്നെന്നു സുഹൃത്തുക്കള്‍ പറയുന്നു. ഡോ.അര്‍ച്ചന ബിജുവാണ് ഭാര്യ. 7 വയസുകാരി കിത്തുവാണ് മകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News