ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ്. പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യത്തെ വിമര്‍ശിക്കുന്നതിന് തുല്യമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പ്രതികരിച്ചു.
‘എപ്പോള്‍ മുതലാണ് നിങ്ങളുടെ നയങ്ങള്‍ക്കെതിരായ വിമര്‍ശനം രാജ്യത്തിന്റെ വിമര്‍ശനത്തിന് തുല്യമായത്? നിങ്ങള്‍ പ്രധാനമന്ത്രിയാണ്, രാജ്യമോ ദൈവമോ അല്ല.’ പവന്‍ ഖേര പറഞ്ഞു. ജനാധിപത്യത്തിന്റെ വെല്ലുവിളികളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ ചര്‍ച്ച നടക്കുന്നുണ്ടെങ്കില്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള ശ്രമമാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലണ്ടനിലെ കേംബ്രിഡ്ജ് സന്ദര്‍ശനവേളയില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ച് രാഹുല്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് നരേന്ദ്രമോദി രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചത്. ലണ്ടന്‍ മണ്ണില്‍ നിന്ന് ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നാണ് മോദി പറഞ്ഞത്.
ഭഗവാന്‍ ബസവേശ്വരയെയും കര്‍ണാടകയിലെയും ഇന്ത്യയിലെയും ജനങ്ങളെ അപമാനിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള ആളുകളില്‍ നിന്ന് കര്‍ണാടകയിലെ ജനങ്ങള്‍ വിട്ടു നില്‍ക്കണമെന്നും മോദി പറഞ്ഞിരുന്നു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ആഗോള വേദികളില്‍ ഇന്ത്യയുടെ ആധിപത്യം വളരുമ്പോള്‍ ചിലര്‍ വിദേശത്തു ചെന്ന് രാജ്യത്തെ വിമര്‍ശിക്കുകയാണെന്നായിരുന്നു യോഗി ആദിത്യനാഥ് വിമര്‍ശിച്ചത്.
പ്രധാനമന്ത്രി രാജ്യത്തെ ഉയര്‍ത്തി കാണിക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും രാജ്യത്തെ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരെ ജയിക്കാന്‍ അനുവദിക്കരുതെന്നും യോഗി പറഞ്ഞു. 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയമാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം സൂചിപ്പിക്കുന്നതെന്ന് സ്മൃതി ഇറാനി പ്രതികരിച്ചു.