KeralaNews

‘തീയും പുകയും പൂര്‍ണ്ണമായും ശമിച്ചു’; ബ്രഹ്മപുരം ഇനി കേരളത്തില്‍ ആവര്‍ത്തിക്കില്ലെന്ന് മന്ത്രി രാജേഷ്

കൊച്ചി: ബ്രഹ്മപുരത്ത് തീയും പുകയും പൂർണ്ണമായും ശമിപ്പിച്ചുവെന്ന് മന്ത്രി എംബി രാജേഷ്. കേരളത്തിൽ മറ്റൊരു ബ്രഹ്മപുരം ആവ‍ർത്തിക്കാതിരിക്കാനുള്ള കർമ്മ പദ്ധതി സർക്കാർ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കഠിന പരിശ്രമത്തിനൊടുവിൽ ദൗത്യം വിജയകരമായി പൂ‍ർത്തീകരിച്ച കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടം, ഫയർ ഫോഴ്‌സ്, കോർപറേഷൻ അധികാരികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, സിവിൽ ഡിഫെൻസ് വളണ്ടിയർമാർ, പൊലീസ് എന്നിവരെ അഭിനന്ദിക്കുകയും ചെയ്തു.

പുക ശമിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ 95 ശതമാനത്തിലധികവും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് ഇന്നലെ പറഞ്ഞിരുന്നു. രാത്രിയോടെ പൂര്‍ണമായി അണക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കളക്ടര്‍ പറഞ്ഞു.

പുക ശമിപ്പിക്കുന്നതിന് രാപകല്‍ ഭേദമന്യേ ഊര്‍ജിതമായ ശ്രമങ്ങളാണ് നടന്നതെന്നും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ 24 മണിക്കൂറും ഷിഫ്റ്റുകളിലായിട്ടാണ് പ്രവര്‍ത്തനം നടന്നതെന്നും കളക്ടർ പറഞ്ഞു. 200 അ​ഗ്നിശമന സേനാംഗങ്ങളും 18 എസ്‌കവേറ്റര്‍ ഓപ്പറേറ്റര്‍മാരും 68 സിവില്‍ ഡിഫന്‍സ് അംഗങ്ങളും 55 കൊച്ചി കോര്‍പ്പറേഷന്‍ ജീവനക്കാരും 48 ഹോം ഗാര്‍ഡുകളും ആറ് പോലീസുകാരും നേവിയുടെ അഞ്ച് പേരും ബിപിസിഎല്ലിലെ രണ്ട് പേരും സിയാലില്‍ നിന്ന് മൂന്ന് പേരും റവന്യു വകുപ്പില്‍ നിന്ന് നാല് പേരും ദൗത്യത്തിൻ്റെ ഭാഗമായിരുന്നു.

ആംബുലന്‍സും ആറ് പേര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ സംഘവും സ്ഥലത്തുണ്ടായിരുന്നു. പുക അണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഫോം ടെന്‍ഡര്‍ യുണിറ്റും 18 ഫയര്‍ യൂണിറ്റുകളും 18 എസ്‌കവേറ്ററുകളും 3 ഹൈ പ്രഷര്‍ പമ്പുകളും ഉപയോഗിച്ചിട്ടുണ്ട്.

തീയും പുകയും നിയന്ത്രണവിധേയമായി കൊണ്ടിരിക്കുന്ന ബ്രഹ്മപുരത്ത് നിന്നുള്ള പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് മന്ത്രി പി രാജീവ്. പുകയണക്കലിന്റെ 95% പ്രക്രിയയും പൂര്‍ത്തിയായിട്ടുണ്ടെന്നും ദൃശ്യങ്ങള്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന ഒന്നായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി പി രാജീവ് പറഞ്ഞത്: ”ബ്രഹ്മപുരത്തുനിന്നുള്ള പുതിയ ഡ്രോണ്‍ വിഷ്വല്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന ഒന്നാണ്. പുകയണക്കലിന്റെ 95% പ്രക്രിയയും പൂര്‍ത്തിയായിരിക്കുന്നു. വളരെ ചെറിയ ഭാഗത്തുള്ള പുകയണക്കാന്‍ മുഴുവന്‍ സജ്ജീകരണങ്ങളും ഈ ഭാഗത്ത് പ്രവര്‍ത്തിക്കുകയാണ്. പുക പൂര്‍ണമായും ശമിപ്പിച്ചാലും അഗ്‌നി രക്ഷാ സേനയുടെ സേവനം തുടരും. കാവല്‍ക്കാര്‍, കാമറകള്‍ തുടങ്ങിയ സംവിധാനങ്ങളും പ്രവര്‍ത്തനക്ഷമമായിരിക്കും.”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker