യുവതിയുടെ ജഡം ഫ്ലാറ്റിനുള്ളിൽ അഴുകിയ നിലയിൽ ; കൊലപാതകമെന്ന് പോലീസ്

ന്യൂഡൽഹി : യുവതിയുടെ ജഡം ഫ്ലാറ്റിൽ അഴുകിയ നിലയിൽ കണ്ടെത്തി. ഡൽഹി ദ്വാരകയിലെ കുത്തബ് വിഹാർ ഏരിയയിലെ ഫ്ലാറ്റിൽ നിന്നാണ് 26 വയസുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.  വെളളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ട്. ദിഷു കുമാരി എന്ന ജാർഖണ്ഡ‍് സ്വദേശിയുടേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഗുരുഗ്രാമിലാണ് ഇവർ ജോലി ചെയ്യുന്നത്. ഇവരുടെ ആൺസുഹൃത്തിന്റെ വാടക ഫ്ലാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ആൺ സുഹൃത്തിനെ കുറിച്ച് വിവരങ്ങളില്ല. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ 9.30ഓടെ അടുത്തുള്ള താമസക്കാർ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് അഴുകിയ നിലയിലെ മൃതദേഹം കണ്ടെത്തിയത്. കട്ടിലിനടിയിലാണ് മൃതദേഹം കിടന്നിരുന്നത്.

മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തിനെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.