FeaturedHome-bannerKeralaNationalNews

നിമിഷപ്രിയക്ക് തിരിച്ചടി: വധശിക്ഷക്കെതിരായ അപ്പീൽ യെമൻ സുപ്രീം കോടതി തളളിയതായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിലെ വധശിക്ഷയ്ക്കെതിരെ നിമിഷപ്രിയ നൽകിയ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്രം. വധശിക്ഷ ഒഴിവാക്കാൻ ഇനി യെമൻ രാഷ്ട്രപതിക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും കേന്ദ്രം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചർച്ചകൾക്കായി യെമൻ സന്ദർശിക്കാൻ അനുമതി നൽകണമെന്ന അമ്മ പ്രേമകുമാരിയുടെ ആവശ്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

സനയിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി യെമൻ സന്ദർശിക്കാൻ അനുമതി തേടി അമ്മ പ്രേമകുമാരി നൽകിയ ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്രം വധശിക്ഷ ശരിവച്ച കാര്യം അറിയിച്ചത്. നവംബർ 13-ന് യമനിലെ സുപ്രീംകോടതി വധശിക്ഷയ്ക്കെതിരെ നിമിഷപ്രിയ നൽകിയ അപ്പീൽ തള്ളിയെന്നാണ് തങ്ങൾക്കുലഭിച്ച വിവരമെന്ന് കേന്ദ്രം വാക്കാൽ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017-ൽ കൊല്ലപ്പെട്ട കേസിൽ ലഭിച്ച വധശിക്ഷയിൽ ഇളവു നൽകണമെന്ന നിമിഷ പ്രിയയുടെ ആവശ്യം നേരത്തെ യെമൻ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലാണ് യെമൻ സുപ്രീം കോടതി ഇപ്പോൾ തള്ളിയത്.

വധശിക്ഷ ഒഴിവാക്കാൻ ഇനി യെമൻ രാഷ്ട്രപതിക്ക് മാത്രമേ കഴിയൂ എന്നാണ് കേന്ദ്രത്തിന്റെ നിലപാടെങ്കിലും ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രേമകുമാരിയുടെ വാദം. സുപ്രീംകോടതി അപ്പീൽ തള്ളിയ സാഹചര്യത്തത്തിൽ അടിയന്തരമായി യെമൻ സന്ദർശിക്കാൻ അനുമതി നൽകാൻ നിർദേശിക്കണമെന്ന് പ്രേമ കുമാരിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രൻ കോടതിയിൽ ആവശ്യപ്പെട്ടു.

തുടർന്ന് യെമൻ സന്ദർശിക്കാൻ അനുമതി നൽകുന്ന കാര്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ ഡൽഹി ഹൈക്കോടതി കേന്ദ്രത്തോട് നിർദേശിച്ചു. സ്വന്തം ഉത്തരവാദിത്വത്തിൽ നിമിഷപ്രിയയുടെ അമ്മ യെമനിൽ പോകുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രം വാക്കാൽ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ആരൊക്കെ യെമനിലേക്ക് കൂടെ പോകണം എന്നതിന്റെ വിശാദംശം പ്രേമകുമാരി രണ്ട് ദിവസത്തിനകം കേന്ദ്രത്തിനെ അറിയിക്കാനും ഡൽഹി ഹൈക്കോടതി നിർദേശം നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button